Asianet News MalayalamAsianet News Malayalam

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; രവി പൂജാരി സെനഗലിൽ നിന്ന് രക്ഷപെട്ടതായി സൂചന

വഞ്ചനാക്കേസിൽ കഴിഞ്ഞയാഴ്ച ജാമ്യം നേടിയ രവി പൂജാരി റോഡുമാ‍ർഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോർട്ടുകളുളളത്.

beauty parlor shooting case Ravi Pujari escape from senegal
Author
Kochi, First Published Jun 10, 2019, 3:40 PM IST

കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിലെ മുഖ്യപ്രതിയും മുംബൈ അധോലോക കുറ്റവാളിയുമായ രവി പൂജാരി ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നിന്ന് രക്ഷപെട്ടതായി സൂചന. ഇന്‍റർപോളിന്‍റെ റെ‍ഡ്  കോർണർ നോട്ടീസുളള മുംബൈ അധോലോക കുറ്റവാളിയായ രവി പൂജാരി കഴിഞ്ഞ ജനുവരി 21നാണ് ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പിടിയിലായത്. അവിടുത്തെ ഒരു വഞ്ചനാക്കേസിലായിരുന്നു അറസ്റ്റ്. 

ആന്‍റണി എന്ന വ്യാജപ്പേരിൽ  ബാറും ഹോട്ടലും നടത്തിയിരുന്ന രവി പൂജാരിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനഗലുമായി കുറ്റവാളികളെ കൈമാറുന്ന കരാർ നിലവിലില്ലാത്തത് ഇന്ത്യയുടെ നീക്കങ്ങൾക്ക് തടസമായി. എന്നാൽ അവിടുത്തെ വഞ്ചനാക്കേസിൽ കഴിഞ്ഞയാഴ്ച ജാമ്യം നേടിയ രവി പൂജാരി റോഡുമാ‍ർഗം പശ്ചിമ ആഫ്രിക്കയിലെ മറ്റൊരു രാജ്യത്തേക്ക് രക്ഷപെട്ടെന്നാണ് സ്ഥീരികരിക്കാത്ത റിപ്പോർട്ടുകളുളളത്.

ഇത്തരത്തിൽ വിവരങ്ങൾ തങ്ങൾക്കുമുണ്ടെന്നും എന്നാൽ സെനഗലിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നുമാണ് കർണാടക പൊലീസിന്‍റെ നിലപാട്. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിന്‍റെ മുഖ്യആസൂത്രകനായ രവി  പൂജാരി നേരത്തെ ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് കൃത്യത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഈ ഫോൺവിളികളുടെ അടിസ്ഥാനത്തിൽ  രവി  പൂജാരിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. കർണാടക പൊലിസൂമായി ചേർന്ന് ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുളള വിവരങ്ങൾ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിരുന്നതായി സംസ്ഥാന പൊലീസ് ഉന്നതവൃത്തങ്ങൾ അറിയിച്ചു രാജ്യം വിടില്ലെന്ന ഉറപ്പിലായിരുന്ന രവി പൂജാരിക്ക് സെനഗലിലെ പ്രാദേശിക കോടതി ജാമ്യം അനുവദിച്ചിരുന്നതെന്നാണ് വിവരം

Follow Us:
Download App:
  • android
  • ios