കണ്ണൂർ: കണ്ണൂർ ചെറുപുഴ വയക്കരയിൽ നാട്ടുകാരുടെ മർദ്ദനമേറ്റ് ബംഗാൾ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. കഴിഞ്ഞ പതിമൂന്നിനാണ് പാടിയോട്ടു ചാലിൽ ജോലി ചെയ്തിരുന്ന നജ്ബുലിന് പള്ളിയിൽ വച്ച് മർദ്ദനമേറ്റത്. ഇതിന് പിന്നാലെ ബംഗാളിലേക്ക് അയച്ച ഇയാൾ ഇരുപത്തി ഒന്നിന് നാട്ടിൽ വച്ച് മരിക്കുകയായിരുന്നു. ക്രൂരമായി മർദ്ദമേറ്റതാണ് നജ്ബുളിന്‍റെ മരണത്തിന് കാരണമായതെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പതിമൂന്നാം തീയതി വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിനിടെ ഇമാമിനെ ചോദ്യം ചെയ്തെന്ന പേരിലാണ് പള്ളിയിൽ വച്ച് നജ്ബുലിന് മർദനമേറ്റത്. തുടർന്ന് പൊലീസെത്തി മർദ്ദനത്തിൽ നിന്ന് നജ്ബുലിനെ രക്ഷിച്ചെങ്കിലും കേസെടുത്തില്ല. പകരം നജ്ബുലിനെ പള്ളിയോട് ചേർന്ന താമസ സ്ഥലത്ത് നിന്ന് മാറ്റാൻ പൊലീസ് നിർദേശിച്ചു. നജ്ബുലിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ അന്നുതന്നെ നജ്ബുലിനെ നാടുകടത്തണമെന്ന ആഹ്വാനവുമായി സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.

''ഇവിടെ നിന്നും മാറ്റിത്തരാമെന്നാണ് എസ്ഐ സംസാരിച്ചത്. അവനിപ്പോഴും ഈ ക്വാർട്ടേഴ്സിൽ തന്നെ തുടരുന്നതായി കാണുന്നു. എത്രയും പെട്ടെന്ന് വേണ്ടപ്പെട്ടവർ അതിനെതിരെ പ്രതികരിക്കണം. അവനെ ഈ നാട്ടിൽ നിന്നും നാടു കടത്തണം.''എന്നായിരുന്നു സന്ദേശം.

തുടർന്ന് രാത്രി തന്നെ നജ്ബുലിനെ ട്രെയിനിൽ കയറ്റി അയച്ചു. നാട്ടിലെത്തിയ  നജ്ബുലിന്റെ ആരോഗ്യനില വഷളായി. പിന്നീട് ഭക്ഷണം പോലും കഴിക്കാനാകാതെ ഇരുപത്തി ഒന്നിന് നജ്ബുൽ മരണപ്പെട്ടു. സഹോദരനടക്കം നാട്ടിലേക്ക് മടങ്ങിയതിനാൽ പരാതി നൽകാനും ആരുമുണ്ടായില്ല.

''അവിടെ പിന്നെ നിന്നില്ല. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലാണ് ഉള്ളത്. കേസ് എന്ത് ചെയ്യണം എങ്ങനെ ചെയ്യണമെന്നൊന്നും അറിയാത്ത അവസ്ഥയായിരുന്നു''-നജ്ബുലിന്റെ സഹോദരൻ പറഞ്ഞു.

മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരിൽ ചിലർ രംഗത്തെത്തിയിട്ടുണ്ട്. ആൾക്കൂട്ട മർദ്ദനമാണ് നടന്നതെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം. നാട്ടിലെത്തിയ ശേഷം നജ്ബുലിന് മർദ്ദനമേറ്റിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. തങ്ങളെത്തി രക്ഷിച്ചപ്പോൾ പരിക്കുകളുണ്ടായിരുന്നില്ലെന്നും, എന്നാൽ നാട്ടിൽ നിന്ന് ലഭിച്ച ഫോട്ടോയിൽ മുഖത്ത് പരിക്കുണ്ടെന്നും പൊലീസ് പറയുന്നു. എന്നാൽ നജ്ബുലിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നതടക്കമുള്ള എല്ലാ വാദങ്ങളും സഹോദരൻ നിഷേധിക്കുകയാണ്.

"