കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി പ്രസ്താവനയിറക്കിയ കോൺ​ഗ്രസ് നേതാക്കൾക്കെതിരെ യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. മോദിയെ മഹത്വവൽക്കരിക്കുന്നത് കോൺ​ഗ്രസ് നേതാക്കളുടെ രീതിയല്ലെന്ന് ബെന്നി ബഹനാൻ പറഞ്ഞു.

കേന്ദ്ര സർക്കാർ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന എല്ലാ നയങ്ങളും ആർഎസ്എസ്-സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. അതുകൊണ്ടാണ് പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ്സ് മോദിയെ ശക്തമായി എതിർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം, മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കെ മുരളീധരന്‍ രംഗത്തെത്തിയത്. മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോയി സ്തുതിക്കാമെന്നും കോണ്‍ഗ്രസിന്‍റെ ചെലവില്‍ വേണ്ടെന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം. മോദി കെട്ടിയ കക്കൂസില്‍ വെള്ളമില്ലെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ മോദിയെ സ്തുതിക്കുന്നതെന്നും മുരളീധരന്‍ പരിഹസിച്ചു. പാർട്ടിക്കകത്തിരുന്ന് ശശി തരൂരിനെ ഇത്തരം പ്രസ്താവനകൾ നടത്താൻ അനുവദിക്കില്ല. മോദി അനുകൂല നിലപാട് സ്വീകരിക്കുന്നവർ കോൺഗ്രസുകാരല്ല. ഇവർക്കെതിരെ നടപടി വേണമെന്നും മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും മനു അഭിഷേക് സിംങ്‍വിയുമാണ് മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത് നല്ലതല്ലെന്നും അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കണമെന്നും അഭിപ്രായപ്പെട്ടുകൊണ്ട് ആദ്യം രം​ഗത്തെത്തിയത്. ശശി തരൂര്‍ ഇവരുടെ അഭിപ്രായത്തെ പിന്താങ്ങി രംഗത്തെത്തി.