കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ പടക്കളത്തിൽ ആയുധം ഉപേക്ഷിക്കുന്ന ഭീരുവായി മാറിയെന്ന് ബെന്നി ബെഹന്നാൻ എംപി. കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ശരിയായ രീതിയിലല്ല നടത്തുന്നത്. ഇത് കൊവിഡ് വ്യാപനം കൂടാൻ കാരണമായി. സംസ്ഥാനത്ത് കുടുംബവ്യാപനമാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ നടപടികളാണ് ഇത്തരത്തിൽ കൊവിഡ് വർധിക്കാൻ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്വാറന്റൈൻ വിഷയവുമായി ബന്ധപ്പെട്ട് കോടതിയിൽ പോകണമോയെന്ന് യുഡിഎഫ് ആലോചിച്ച് തീരുമാനിക്കും. കേരള കോൺഗ്രസ് തർക്കത്തിൽ നാളെ പരിഹാരമുണ്ടാകും. യുഡിഎഫിലെ കക്ഷി നിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് നിരാശപ്പെടേണ്ടിവരുമെന്നും ബെന്നി ബഹന്നാൻ പറഞ്ഞു.