സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശമദ്യത്തിന്‍റെ വിൽപ്പന നിർത്തിവെക്കാൻ ഉത്തരവിട്ടതിന്‍റെ കാരണം അറിയുമോ?
ഈ മാസം രണ്ട് മുതൽ വിദേശ നിർമ്മിത വിദേശ മദ്യത്തിന്‍റെ വിലയിൽ മാറ്റമുണ്ടായിരുന്നു. 9 ശതമാനത്തിന്‍റെ വർധനവാണ് ഇക്കാര്യത്തിലുണ്ടായത്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമ്മിത വിദേശ മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ ബെവ്കോ ജനറൽ മാനേജർ ഉത്തവിട്ട വാർത്ത ഇതിനകം ഏവരും അറിഞ്ഞിട്ടുണ്ടാകും. ഏന്നാൽ അതിന്‍റെ കാരണം പലർക്കും അറിവുണ്ടാകില്ല. വിദേശ നിർമ്മിത വിദേശ മദ്യത്തിന്‍റെ വില വർധനവുമായി ബന്ധപ്പെട്ടുള്ളതാണ് വിൽപ്പന നിർത്തി വയ്ക്കാനുള്ള ഉത്തരവ്. ഈ മാസം രണ്ട് മുതൽ വിദേശ നിർമ്മിത വിദേശ മദ്യത്തിന്‍റെ വിലയിൽ മാറ്റമുണ്ടായിരുന്നു. 9 ശതമാനത്തിന്‍റെ വർധനവാണ് ഇക്കാര്യത്തിലുണ്ടായത്.
പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിച്ചാകണം വിൽപ്പന നടത്തേണ്ടത്. എന്നാൽ ഇതിനകം പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കാൻ ബെവ്കോയ്ക്ക് സാധിച്ചിട്ടില്ല. ഇതുകൊണ്ടാണ് വിദേശ നിർമ്മിത വിദേശ മദ്യത്തിന്‍റെ വിൽപ്പന നിർത്തിവയ്ക്കാൻ ബെവ്കോ ജനറൽ മാനേജർ ഉത്തരവിട്ടത്. പുതിയ വില രേഖപ്പെടുത്തിയ ലേബൽ ഒട്ടിക്കുന്നതുവരെ നിലവിലുള്ള വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ സ്റ്റോക്ക് വിൽക്കേണ്ടെന്നും ബെവ്കോ ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സെപ്തംബർ 30 മുതൽ ഒക്ടോബർ അഞ്ച് വരെ വന്ന എല്ലാ സ്റ്റോക്കിലും പുതിയ വില രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. ഇത് പുർണമായും രേഖപ്പെടുത്തി കഴിഞ്ഞ ശേഷമേ വിദേശ നിർമ്മിത വിദേശ മദ്യത്തിന്‍റെ വിൽപ്പനയ്ക്ക് അനുമതി ഉണ്ടാകു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം ഈ മാസം ആദ്യം സംസ്ഥാനത്ത് രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ ഉണ്ടായിരുന്നു. ഒന്നാം തിയതിയും ഗാന്ധി ജയന്തി ദിനമായതിനാലുമാണ് സംസ്ഥാനത്ത് ഈ മാസം അടുപ്പിച്ച് ഡ്രൈ ഡേ വന്നത്. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിച്ചിരുന്നില്ല. കഴിഞ്ഞമാസവും സംസ്ഥാനത്ത് അടുപ്പിച്ച് രണ്ട് ദിവസം ഡ്രൈ ഡേ ഉണ്ടായിരുന്നു. നാലാം ഓണ ദിനമായ ഓഗസ്റ്റ് 31 ന് ചതയം ശ്രീനാരായണ ഗുരു ജയന്തി ആയതിനാലും ഒന്നാം തിയതി ആയതിനാലുമായിരുന്നു കഴിഞ്ഞ മാസവും അടുപ്പിച്ച് രണ്ട് ദിവസം ഡ്രൈ ഡേ വന്നത്.