നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തിലെ വീടുകള്‍ ബാറാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ആവശ്യപ്പെട്ടു. ബെവ്കോയിലെ പ്രതിപക്ഷ യൂണിയനുകളും എതിര്‍പ്പുമായി രംഗത്തെത്തി.

തിരുവനന്തപുരം: മദ്യം ഹോം ഡെലിവറി നടത്താനുള്ള ബിവറേജസ് കോര്‍പറേഷന്‍റെ നീക്കം ഉടന്‍ നടപ്പാകില്ല. നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തിലെ വീടുകള്‍ ബാറാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി ആവശ്യപ്പെട്ടു. ബെവ്കോയിലെ പ്രതിപക്ഷ യൂണിയനുകളും എതിര്‍പ്പുമായി രംഗത്തെത്തി.

കൊവിഡ് തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലെ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചത്. വ്യാജമദ്യം വ്യപകമാകുന്നത് തടയാനും, ബിവറേജസ് കോർപ്പറേഷന്റെ വരുമാനം ഉറപ്പുവരുത്താനുമാണ് ഹോം ഡെലിവറി സംവിധാനം നടപ്പാക്കാനൊരുങ്ങുന്നത്. കോര്‍പ്പറേഷന്റെ വൈബ്സൈറ്റ് പരിഷ്കരിച്ച് ഇതിലൂടെ ബുക്കിംഗ് സംവിധാനമൊരുക്കാനാണ് നീക്കം. ബുക്ക് ചെയ്ത മദ്യം ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഏജന്‍സികള്‍ വഴി വീട്ടിലെത്തിക്കാനാണ് പദ്ധതി. ഇതു സംബന്ധിച്ച് വിവിധ ഏജന്‍സികളുമായി ബെവ്കോ ചര്‍ച്ച തുടങ്ങി. 

ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും പദ്ധതി നടപ്പാക്കാനാണ് ആലോചന. എന്നാല്‍ മദ്യത്തിന്‍റെ ഹോം ഡെലിവറിക്കായി കേരള എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തണം. കാവല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയപരമായി തീരുമാനെമടുക്കാനാകില്ല.

കര്‍ണ്ണാടകയിലെ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നീക്കം ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ഭരണഘടനയുടെ 47ാം അനുഛേദത്തിന് എതിരാണെന്ന വിലയിരുത്തലുമുണ്ട്. ബെവ്കോയിലെ പ്രതിപക്ഷ യൂണിയനുകള്‍ ഹോം ഡെലിവറി നീക്കത്തെ എതിര്‍ക്കുകയുമാണ്. 

മദ്യം ഓണ്‍ലൈന്‍ ബുക്കിംഗ് വഴി വീട്ടിലെത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് ബെവ്കോ പിന്‍മാറണമെന്ന് കെസിബിസി മദ്യ വിരുദ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ബാറുകളും ഔട്ട്ലെറ്റുകളും ഇരട്ടിയാക്കിയ സര്‍ക്കാര്‍, മദ്യ നയത്തില്‍ വീണ്ടും വെള്ളം ചേര്‍ക്കരുത്. കൊവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിലെ വീടുകളെ ബാറാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും പ്രചരണവും സംഘടിപ്പിക്കുമെന്നും കെസിബിസി പറയുന്നു.