തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സ്ത്രീകള്‍ക്കെതിരെ യു ട്യൂബ് ചാനലിലൂടെ മോശം പരമാര്‍ശം നടത്തിയ വിജയ് പി. നായര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഭാഗ്യലക്ഷ്മി പറയുന്നു. വിജയ് പി. നായര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. സൈബര്‍ നിയമത്തില്‍ വകുപ്പില്ലെന്നും പൊലീസ് പറഞ്ഞു.

സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തരമായി നിയമനിര്‍മ്മാണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സ്ത്രീകള്‍ നല്‍കിയ സൈബര്‍ പരാതിയില്‍ എത്ര കേസുകളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സ്ത്രീകളെ ആക്ഷേപിക്കുന്ന വീഡിയോ പ്രചരിപ്പിച്ച വിജയ് പി. നായരെ ഭാഗ്യലക്ഷ്മിയും മറ്റ് രണ്ട് സ്ത്രീകളും ചേര്‍ന്ന് കൈയേറ്റം ചെയ്തിരുന്നു. ഇതിനുശേഷമാണ് വിജയ് പി.നായര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.

അതേസമയം വിജയ് പി നായരുടെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം സിജെഎം കോടതി തളളി. പ്രതിക്കെതിരായ ആരോപണം ഗുരുതര സ്വഭാവമുള്ളതാണെന്നും വീഡിയിയോയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ സ്ത്രീക്കെതിരാണെന്നും ജാമ്യം തള്ളികൊണ്ട് സിജെഎം കോടതി പറഞ്ഞു.