ദില്ലി: കേന്ദ്രസർക്കാരിൻ്റെ കാർഷികനിയമങ്ങൾ പഠിച്ച് നിർദ്ദേശം നൽകാൻ സുപ്രീം കോടതി രൂപീകരിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മാൻ പിൻമാറി. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡൻ്റായ ഭുപീന്ദർ സിംഗ് മാൻ നേരത്തേ നിയമഭേദഗതിയെ അനുകൂലിച്ച് നിലപാടെടുത്തയാളാണ്. ഭൂപിന്ദർ സിംഗിന് പുറമേ മഹാരാഷ്ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരടങ്ങുന്നതാണ് സുപ്രീം കോടതി രൂപീകരിച്ച സമിതി. 

കർഷകരുടെയും പൊതുസമൂഹത്തിന്റെയും വികാരം കണക്കിലെടുത്താണ് പിൻമാറാൻ തീരുമാനിച്ചതെന്ന് ഭുപീന്ദർ സിംഗ് മാൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. സുപ്രീം കോടതി രൂപീകരിച്ച സമതിയുമായി സഹകരിക്കില്ലെന്നും നിയമം പിൻലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും കർഷകർ വിധി വന്നതിന് പിന്നാലെ തന്നെ വ്യക്തമാക്കിയിരുന്നു. 

നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തിൽ ചേരണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് സമിതിയിലെ ഒരംഗം പിൻമാറുന്നത്. പ്രവര്‍ത്തനം തുടങ്ങും മുമ്പ് തന്നെ സമിതിയിലെ ഒരംഗം പിന്‍മാറിയത്  കര്‍ഷക സമരം പരിഹരിക്കാനുള്ള  ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ്. പഞ്ചാബിന്‍റെയും രാജ്യത്തെ കര്‍ഷകരുടെയും താല്‍പ്പര്യം ഹനിക്കപ്പെടാതിരിക്കാൻ ഏത് സ്ഥാനവും വേണ്ടെന്ന് വെക്കാന്‍ തയ്യാറാണെന്നും സമിതിയില്‍ നിന്ന് പിൻമാറിയ ഭുപീന്ദര്‍ സിംഗ് പറഞ്ഞു.

81 വയസുള്ള പഞ്ചാബ് സ്വദേശിയായ ഭുപീന്ദർ സിംഗ് മാൻ 1990 മുതൽ 1996 വരെ രാജ്യ സഭ എംപിയായിരുന്നു. 2012,2017 പഞ്ചാബ് വിധാൻ സഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ പിന്തുണച്ച ഉദ്ദേഹം കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 
 

ഭുപീന്ദർ സിംഗ് പുറത്തിറക്കിയ വാർത്താക്കുറിപ്പ്

Bhupinder Singh Mann, SC panel on farm lawes, Supreme court on farm laws, Bhupinder Singh Mann recuses himself from panel, Farm laws, Farmers protests, India news, Indian express

കര്‍ഷകസമരം തുടരുന്നതിനിടെ ഹരിയാനയിലെ ജെജെപി - ബിജെപി സ‍ർക്കാരിന് മേലുള്ള സമ്മര്‍ദ്ദം വർധിക്കുകയാണ്. ജെജെപിയിലെ പത്ത് എംഎ‍ല്‍എമാരില്‍ ആറ് പേരും ചില സ്വതന്ത്ര എംഎല്‍എമാരും കാര്‍ഷിക നിയമഭേദഗതിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹരിയാന ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാല പ്രധാനമന്ത്രിയേയും അമിത് ഷായേയും കണ്ടത് പാർട്ടിയില്‍ ഉടലെടുത്ത സമ്മര്‍ദ്ദത്തിന് തെളിവാണ്. എന്നാല്‍ നിലനില്‍പ്പിന് യാതൊരു ഭീഷണിയുമില്ലെന്നാണ് ഹരിയാനയിലെ സ‍ർക്കാരിന്‍റെ നിലപാട്.