Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി എംഡിയായി ബിജു പ്രഭാകർ ഐഎഎസിനെ നിയമിച്ചു

നിലവിൽ വഹിക്കുന്ന സാമൂഹിക നീതി വകുപ്പ് സെക്രട്ടറി സ്ഥാനത്തോടൊപ്പം അദ്ദേഹം കെഎസ്ആർടിസിയുടെ ചുമതലയും വഹിക്കും 

Biju prabhakar appointed as KSRTC MD
Author
Thiruvananthapuram, First Published Jun 10, 2020, 12:24 PM IST

തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന കെഎസ്ആർടിസി എംഡി എംപി ദിനേശിന് പകരക്കാരനായി ബിജു പ്രഭാകർ ഐഎഎസിനെ നിയമിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്. വ്യക്തിപരമായ കാരണങ്ങളാൽ എംഡി സ്ഥാനമൊഴിയുകയാണെന്ന് നേരത്തെ എംപി ദിനേശ് സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. 

കെഎസ്ആർടിസിയുടെ അധിക ചുമതലയാണ് നിലവിൽ ബിജു പ്രഭാകറിന് നൽകിയിരിക്കുന്നത്. നിലവിൽ സാമൂഹിക നീതിവകുപ്പ് സെക്രട്ടറിയാണ് അദ്ദേഹം. നേരത്തെ ടോമിൻ ജെ തച്ചങ്കരി കെഎസ്ആർടിസി എംഡി സ്ഥാനം ഒഴിഞ്ഞ സമയത്തും ബിജു പ്രഭാകറിൻ്റെ പേര് ആ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. 

കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകളും ബിജു പ്രഭാകറിൻ്റെ പേരിനോട് യോജിച്ചു എന്നാണ് വിവരം. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ ഫയർ ഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ്റെ പേരും തൊഴിലാളി യൂണിയനുകൾ സർക്കാരിന് മുന്നിൽ വച്ചിരുന്നു. എം. രാജമാണിക്യമാണ് ബിജു പ്രഭാകറിന് മുന്നേ കെഎസ്ആർടിസി തലപ്പത്തുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ.

അതേസമയം കൊവിഡിൻ്റെ സാമൂഹിക വ്യാപനം സംസ്ഥാനത്തുണ്ടാവാതിരിക്കാൻ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ഇളവുകൾ പിൻവലിക്കാതെ തന്നെ നിയന്ത്രണം കർശനമായി നടപ്പാക്കാനാണ് തീരുമാനം. ഇതു കൂടാതെ തിരുവനന്തപുരം - കാസർകോട് അതിവേഗ റെയിൽപാതയുടെ അലൈൻമെൻ്റ് മാറ്റാനുള്ള ശുപാർശയും മന്ത്രിസഭായോഗം അംഗീകരിച്ചു. കോഴിക്കോട്ടെ കൊയിലാണ്ടി മുതൽ കണ്ണൂരിലെ മാഹി വരെയുള്ള അലൈൻമെൻ്റിലാണ് മാറ്റം. മാഹി സർക്കാരിൻ്റെ എതിർപ്പിനെ തുടർന്നാണ് അലൈൻമെൻ്റ് മാറ്റുന്നത്. 66000 കോടി രൂപ ചിലവു വരുന്ന പദ്ധതിയാണിത്.  
 

Follow Us:
Download App:
  • android
  • ios