തിരുവനന്തപുരം: ബാർകോഴ കേസ് അന്വേഷണത്തിൽ ഇടതുവലതു മുന്നണികൾ അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കുകയാണെന്ന് രാജാധാനി ഗ്രൂപ്പ് മേധാവിയും ബാറുടമയുമായിരുന്ന ബിജു രമേശ്. ബാർ കോഴ കേസിലെ വിജിലൻസ് അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സത്യം പുറത്തു വരണമെങ്കിൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷണം നടത്തണമെന്നും ബിജു രമേശ് പറഞ്ഞു. 

ബാർകോഴ കേസിൽ തന്നോട് പരാതിയിൽ ഉറച്ചു നിൽക്കണം എന്നു പറഞ്ഞ പിണറായി പിന്നീട് വാക്കുമാറ്റി. ബാർകോഴ കേസ് അട്ടിമറിക്കാൻ പിണറായിയും കെഎം മാണിയും കൂടി ഒത്തുകളിച്ചു.

ബിജു രമേശിൻ്റെ വാക്കുകൾ -

ബാ‍ർകോഴ കേസിൽ പ്രതിയായ മാണി സാർ പിണറായി വിജയൻ്റെ വീട്ടിൽ പോയി കാപ്പി കുടിച്ചു. കാപ്പി കഴിച്ച് മാണി മടങ്ങിയപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഡിജിപിയുടെ ഓഫീസിലേക്ക് കോൾ പോയി മാണി സാറിനെതിരായ കേസ് അന്വേഷിക്കേണ്ട എന്നു പറഞ്ഞു. ഇതാണ് അവസ്ഥ ആരെയാണ് വിശ്വസിക്കുക. എന്ത് വിജിലൻസ് അന്വേഷണമാണ് നടക്കുന്നത്. 

കെ.ബാബുവും ചെന്നിത്തലയും ശിവകുമാറും എല്ലാം കേസ് കൊടുത്താൽ നേരിടേണ്ടത് ഞാനാണ്. 1.80 കോടി രൂപയുടെ ചെക്കാണ് അഭിഭാഷകന് നൽകിയത്. സുപ്രീംകോടതിയിൽ കേസ് നടക്കുമ്പോൾ 12 ലക്ഷം രൂപ വച്ചാണ് ഒരു ദിവസം കൊടുക്കേണ്ടത്. അതിനായി ഇവിടെ നിന്നും അഡ്വക്കറ്റ് പോണം അല്ലെൽ അവിടെ സീനിയർ അഡ്വക്കറ്റിനെ ഇറക്കണം. 

കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നാലോ അഞ്ച് ദിവസം അടുപ്പിച്ച് സുപ്രീംകോടതിയിൽ കേസുണ്ടായിരുന്നു. കപിൽ സിബലിനെ ഇറക്കിയാണ് അവർ കേസ് നടത്തിയത്. ആ കേസ് നടത്താനായി ചീഫ് സെക്രട്ടറിയും എജിയുമടക്കം 22 പേരോ മറ്റോ ആണ് ദില്ലിയിലേക്ക് പോയത്. ഇത്രയും പേർ ഒരു കേസ് നടത്താൻ പോയത് ആദ്യത്തെ സംഭവമാണ്. അവർ കപിൽ സിബലിനെ ഇറക്കുമ്പോൾ അവരോട് പിടിച്ചു നിൽക്കുന്ന അഭിഭാഷകനെ നമ്മളും ഇറക്കണം.

ഇവർ മാറി മാറി വരും. ഒരു നാണയത്തിൻ്റെ രണ്ട് ഭാഗമായി അല്ലാതെ എനിക്കൊരു വ്യത്യാസവും പാർട്ടിക്കാരുടെ കാര്യത്തിൽ തോന്നിയിട്ടില്ല. ഇവർ പരസ്പരം കോപ്രമൈസ് ചെയ്തു പോകും. ഈ സർക്കാരായാലും അടുത്ത സർക്കാർ വന്നാലും ഇതു തന്നെയാണ് അവസ്ഥ. കെഎം മാണി വന്നു ഭക്ഷണം കഴിച്ചപ്പോൾ മാണിയുടെ പാർട്ടിയെ അടക്കം മുന്നണിയിലെടുക്കാൻ ആലോചിച്ചതാണ്. 

പഴയ ആദർശ ശുദ്ധിയൊന്നും ഇന്നത്തെ കമ്മ്യൂണിസ്റ്റുകൾക്കില്ല. സാമ്പത്തികമായും മാനസികമായും ഒരുപാട് പീഡനം എനിക്ക് നേരിടേണ്ടി വന്നു. വിജിലൻസ് അന്വേഷണം ഒരു പ്രഹസനം മാത്രമായി പോകും. അതിനാൽ വല്ല കേന്ദ്ര ഏജൻസിയും അന്വേഷണം നടത്തട്ടെ. യുഡിഎഫിലെ 36 
ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് വിവരം സംബന്ധിച്ച ഫയൽ എൻ്റെ കൈയിലുണ്ടെന്ന് ഞാൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. അതു കൈയിലിരിക്കട്ടെ എന്നാണ് എന്നോട് പറഞ്ഞത്. 

ഇതാരേയും കാണിച്ചില്ലേ എന്ന് ചോദിച്ചപ്പോൾ കോടിയേരി സഖാവിനെ കാണിച്ചുവെന്നാണ് ഞാൻ പറഞ്ഞത്. രണ്ടാമത്ത് ജയിച്ചു വന്ന എംഎൽഎമാരിൽ പലരും എൻ്റെ സുഹൃത്തുകളാണ്. വിഎസ് ശിവകുമാറിൻ്റെ അനധികൃത സ്വത്ത് വിവരം  ഞാൻ ഫയൽ ചെയ്യിച്ചു. അതിനെതിരെ സീനിയർ അഭിഭാഷകനെ സുപ്രീംകോടതിയിൽ എത്തിച്ച് സ്റ്റേ വാങ്ങി. ആ കേസ് നടത്തേണ്ട ആവശ്യം എനിക്കില്ല. എൽഡിഎഫിൽ ഉള്ളവരുടെ അനധികൃത സ്വത്ത് സംബന്ധിച്ച വിവരങ്ങളും എൻ്റെ കൈവശമുണ്ട്. 

ബാർ കോഴ കേസിൽ മൊഴി നൽകിയപ്പോൾ അന്ന് ചെന്നിത്തല അടക്കം എല്ലാവരുടേയും പേര് ഞാൻ പറഞ്ഞതാണ്. ജോസ് കെ മാണി ബാർകോഴ കേസ് ഒതുക്കാൻ എന്നെ വിളിച്ചതും ഞാൻ പറഞ്ഞതാണ്. രാധാകൃഷ്ണപ്പിള്ള എന്നയാളെ വിട്ടാണ് ഒത്തുതീർപ്പിന് ശ്രമിച്ചത്. ഇതൊക്കെ വിജിലൻസ് എസ്പി സുകേശനോട് പറഞ്ഞപ്പോൾ ഇതൊന്നും അന്വേഷിക്കാൻ ഞങ്ങൾക്ക് അധികാരമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ യാതൊരു അധികാരവും ഇല്ലാത്ത അന്വേഷണവും നടത്താൻ പറ്റാത്ത വിജിലൻസിനെ കൊണ്ട് ആർക്കാണ് അന്വേഷണം നടത്തേണ്ടത്. 

ജനങ്ങളെ കൊള്ളയടിച്ച് അതൊരു ബിസിനസാക്കി നടത്തുന്ന രാഷ്ട്രീയക്കാരെ നമ്മൾ മാറ്റി നിർത്തുകയാണ് വേണ്ടത്. ചെന്നിത്തലയുടെ പഴയ സാമ്പത്തിക നിലയെന്തായിരുന്നു ഇപ്പോഴത്തെ അവസ്ഥയാണ് എന്താണ് എന്ന് നമ്മുക്കറിയാം. ഇവർക്കൊന്നും വേറെയൊരു വരുമാനവുമില്ല. വിദേശത്തെല്ലാം മറ്റൊരു വരുമാനം കൂടിയുള്ളവരാണ് രാഷ്ട്രീയക്കാർ ഇവിടെ രാഷ്ട്രീയമാണ് വരുമാനം. 

അഴിമതി പുറത്തു കാണിക്കാൻ ശ്രമിച്ചതിന് എനിക്കൊരു നേട്ടവും ഉണ്ടായിട്ടില്ല നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇത്രയും ത്യാഗം സഹിച്ചു സത്യം തുറന്നു പറഞ്ഞിട്ടും ഒരു കേസിലും സത്യം തെളിഞ്ഞില്ല എന്ന വസ്തുതയിൽ വിഷമം ഉണ്ട്. വിജിലൻസ് അന്വേഷണം എന്നു കേൾക്കുമ്പോൾ അതും അവസാനം അഡ്ജസ്മെൻ്റിലേക്ക് പോകുമെന്നാണ് സത്യം. 

164 പ്രകാരം മൊഴി നൽകുന്നതിന് തലേദിവസം മുതൽ എനിക്ക് ഫോൺ കോളുകൾ വരുന്നുണ്ട്. രാവിലെ ചെന്നിത്തലയുടെ ​ഗൺമാനാണെന്ന് പഞ്ഞ് ഒരാൾ വിളിച്ചു. എന്നിട്ട് ചേച്ചിക്ക് കൊടുക്കാം എന്നു പറഞ്ഞു. ചെന്നിത്തലയുടെ ഭാര്യയാണ് സംസാരിച്ചത്. അദ്ദേഹത്തെ ഉപദ്രവിക്കരുത് അദ്ദേഹം രാത്രി ഒന്നും കഴിച്ചിട്ടില്ല. രാവിലെ ഒന്നും കഴിക്കാതെയാണ് പോയത് എന്നൊക്കെ പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് രാവിലെ 11.30 ആയപ്പോൾ മറ്റൊരു സുഹൃത്തിൻ്റെ ഫോണിൽ നിന്നും ചെന്നിത്തല എന്നെ നേരിട്ട് വിളിച്ചു സംസാരിച്ചു. എന്നെ ഉപദ്രവിക്കരുത് അച്ഛനുമായൊക്കെ എനിക്ക് വ‍ർഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്നെല്ലാം പറഞ്ഞു. 

തിരുത്തൽവാദി പ്രസ്ഥാനം വരും വരെ രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വന്നാൽ എൻ്റെ വാഹനമാണ് ഉപയോ​ഗിച്ചിരുന്നത്. അന്ന് അത്രയും കാല് പിടിച്ചു സംസാരിക്കുന്ന രീതിയിൽ ചെന്നിത്തല പറഞ്ഞപ്പോൾ ആണ് ഞാൻ രഹസ്യമൊഴിയിൽ അദ്ദേഹത്തിൻ്റെ പേര് ഒഴിവാക്കിയത്. അന്ന് അദ്ദേഹം അഭ്യന്തരമന്ത്രിയാണ്. 

അന്ന് അങ്ങനെ ചെയ്ത ചെന്നിത്തല പിന്നെ ശങ്ക‍ർ റെഡ്ഡിയെ കൊണ്ട് എനിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. മാണിയെ കൊണ്ട് ബാ‍ർ കോഴകേസ് ഞാൻ കെട്ടിച്ചമച്ചതാണ് എന്ന് പരാതിയുണ്ടാക്കിയാണ് അദ്ദേഹം അന്വേഷണം നടത്തിച്ചത്. ഇതൊക്കെയാണ് അവസ്ഥ. പരാതി തന്നെ വ്യാജമാണെന്ന് പറഞ്ഞ് ആ കേസ് തള്ളിപ്പോകുകയാണ് ചെയ്തത്. എനിക്ക് രണ്ട് ഇഡ്ഢലി തരാമോ എന്ന് ചോദിച്ച് പിണറായിയെ കെഎം മാണി വിളിച്ചു. പിണറായി വരാൻ സമ്മതിച്ചു. നേരിട്ട് പോയി പിണറായിയെ കണ്ട് കേസ് ഒത്തുതീ‍ർപ്പാക്കാൻ ശ്രമിച്ചു. 

എൻ്റെ ജീവന് വരെ ഒരു ഘട്ടത്തിൽ വലിയ ഭീഷണിയാണ് ഉണ്ടായത്. വാഹനാപകടം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിച്ച് യാത്ര ചെയ്യണമെന്നും ഇൻ്റലിജൻസ് ഐജി തന്നെ നേരിട്ട് എന്നെ വിളിച്ചു പറഞ്ഞിരുന്നു. ഒരു തവണ എൻ്റെ വീട്ടിൽ മൂന്ന് തമിഴൻമാ‍ർ അതിക്രമിച്ചു കയറി. അതിലൊരാളെ വീടിൻ്റെ രണ്ടാമത്തെ നിലയിൽ നിന്നും പിടികൂടി പൊലീസിനെ ഏൽപിച്ചു. മുകളിൽ നിന്നും ആരോ വിളിച്ചു പറഞ്ഞപ്പോൾ അയാളെ വിട്ടയച്ചു എന്നാണ് എന്നോട് പറഞ്ഞത്. ആരാണ് വിളിച്ചു പറഞ്ഞത് എന്ന് പൊലീസ് പറഞ്ഞില്ല. ഞാൻ പിന്നെയും പരാതിയുമായി പോയപ്പോൾ അയാൾക്ക് മനോരോ​ഗമാണെന്നും അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്നുമാണ് പൊലീസ് പറഞ്ഞു.

ബാ‍ർകോഴ കേസ് അന്വേഷണറിപ്പോ‍ർട്ടിൽ തന്നെ ബാറുടമകൾ കോടിക്കണക്കിന് രൂപ സ്വരൂപിച്ചിരുന്നതായി പറയുന്നുണ്ട്. എന്നാൽ അതെങ്ങോട്ട് പോയി എന്ന് കണ്ടെത്താനായില്ല എന്നാണ് അന്വേഷണ റിപ്പോ‍ർട്ടിലുണ്ടായിരുന്നത്. അങ്ങനെ വന്നാൽ ആ ഉദ്യോ​ഗസ്ഥനെ മാറ്റി മറ്റൊരാളെ വച്ച് അന്വേഷണം നടത്തുകയല്ലേ വേണ്ടത്. അതു ചെയ്തോ. 

ബാ‍ർകോഴ കേസിൽ എന്നെ കൊച്ചിക്ക് വിളിച്ചുവരുത്തി ആവേശത്തോടെ മൊഴി എടുത്ത വിജിലൻസ് എസ്പിക്ക് ഉച്ചയോടെ ഒരു ഫോൺ വന്നു. അതോടെ അദ്ദേഹത്തിൻ്റെ ആവേശം തണുത്തു. കേസ് അന്വേഷണം അധികം മുന്നോട്ട് കൊണ്ടു പോകേണ്ട എന്ന നി‍ർദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്നോട് രണ്ട് ദിവസം മൊഴിയെടുക്കാൻ കൊച്ചിയിൽ നിൽക്കണം എന്നു പറ‍ഞ്ഞിട്ട് ഉച്ചയ്ക്ക് തന്നെ പറഞ്ഞു വിട്ടത്. 

വിഎം സുധീരൻ കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് ഒരൊറ്റ ഫോൺ കോളിലാണ് 418 ബാറുകളുടെ ലൈസൻസ് തടഞ്ഞത്. അത്രയും പവറുള്ള ആളാണ് കെപിസിസി അധ്യക്ഷൻ അപ്പോൾ ചെന്നിത്തല എന്തൊക്കെ ചെയ്തു എന്ന് അന്വേഷിച്ചാൽ മനസിലാവും. ഞാൻ ആരോപണം ഉന്നയിക്കുന്ന സംഭവങ്ങൾ ഉണ്ടാവുമ്പോൾ ചെന്നിത്തല എംഎൽഎ മാത്രമാണ്. അതിനെക്കുറിച്ച് അന്വേഷിക്കാൻ എന്തിനാണ് ​ഗവ‍ർണറുടെ അനുമതി.