കൊച്ചി: ശബരിമല സന്ദർശനം നടത്തുമെന്ന് വീണ്ടും ബിന്ദു അമ്മിണി. ഇതിന് പൊലീസ് സുരക്ഷ തേടി അൽപസമയത്തിനകം കമ്മീഷണറുടെ ഓഫീസിൽ പോകുമെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തങ്ങളെ ശബരിമലയിൽ കയറ്റാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന ആരോപണവും അവർ ഉയർത്തി. പൊലീസ് സുരക്ഷ തന്നില്ലെങ്കിൽ കോടതിയെ  സമീപിക്കുമെന്നും ബിന്ദു പറഞ്ഞു.

അതേസമയം തന്റെ മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തയാൾക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകളാണെന്നും അവർ പരാതിപ്പെട്ടു. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയില്ല. പൊലീസിന്റെ ഗൂഡാലോചന സംശയിക്കുന്നതായും ബിന്ദു അമ്മിണി പറഞ്ഞു. കേസിൽ ഹിന്ദു ഹെല്‍പ്പ് ലൈൻ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ആയുധം ഉപയോഗിച്ച് സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ കമ്മിഷണർ ഓഫീസ് സ്ഥിതി ചെയ്യുന്ന റവന്യു ടവറിന് മുന്നിൽ വെച്ചായിരുന്നു ബിന്ദു അമ്മിണിക്ക് നേരെ പ്രതിഷേധമുണ്ടായത്. 

എന്നാൽ മുളക് സ്പ്രേ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത് ഉപയോഗ ശേശം എറിഞ്ഞുകളഞ്ഞെന്നാണ് ശ്രീനാഥ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്നത് മുളക് സ്പ്രേയാണോയെന്ന് സ്ഥിരീകരിക്കാനും പൊലീസിന് സാധിച്ചിട്ടില്ല.