Asianet News MalayalamAsianet News Malayalam

ബിനീഷ് കോടിയേരി 2018 ൽ മണി എക്സ്ചേഞ്ച് സ്ഥാപനം തുടങ്ങിയത് എന്തിനെന്ന് പികെ ഫിറോസ്

സിപിഎമ്മിനെ യൂത്ത് ലീഗ് ആദ്യ ഘട്ടത്തിൽ ഇതിലേക്ക് വലിച്ചിഴച്ചില്ല. പക്ഷേ പാർട്ടിയുടെ പങ്ക് ഇപ്പോൾ വ്യക്തമാണ്. ബിനീഷിനെ സിപിഎം സംരക്ഷിക്കുന്നു

Bineesh Kodiyeri controversy PK Firoz
Author
Kozhikode, First Published Sep 5, 2020, 3:50 PM IST

കോഴിക്കോട്: മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്കുള്ള പങ്ക് കൂടുതൽ വ്യക്തമായെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ബിനീഷ് 2015 ൽ മണി എക്സ്ചേഞ്ച് ബാംഗളൂരുവിൽ തുടങ്ങി. ഇതിനെ കുറിച്ച് അന്വേഷിക്കണം. ബിജെപി ഭരണകാലത്ത് ഇതിന് എങ്ങിനെയാണ് ലൈസൻസ് ലഭിച്ചത്? ഏതൊക്കെ കറൻസികൾ വിനിമയം നടത്തിയെന്നും ഫിറോസ് ചോദിച്ചു. ഇക്കാര്യം എൻഫോഴ്സ്മെന്റ് അന്വേഷിക്കണം എന്ന് പറഞ്ഞ ഫിറോസ് തെളിവുകൾ ഇഡിക്ക് കൈമാറുമെന്നും വ്യക്തമാക്കി.

2018ൽ തുടങ്ങിയ യുഎഎഫ്എക്സ് സൊല്യൂഷൻസ് പാർട്നർ ബിനീഷിന്റെ ബിനാമിയാണെന്നും ഫിറോസ് ആരോപിച്ചു. യുഎഎഫ്എക്സ് സൊല്യൂഷൻസാണ് പണമിടപാടുമായി ബന്ധപ്പെട്ട് തനിക്ക് കമ്മീഷൻ നൽകിയതെന്ന് സ്വപ്ന കസ്റ്റംസിനു മൊഴി നൽകിയതാണ്. ഈ ഇടപാടിൽ ബിനീഷിന്റെ പങ്ക് അന്വേഷിക്കണം. ബിനീഷ് ഉപയോഗിക്കുന്ന കാറുകളിൽ ഒന്ന് ലത്തീഫിന്റെ സഹോദരന്റെ കാറാണെന്നും ഫിറോസ് ആരോപിച്ചു. മയക്കു മരുന്ന് കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കാത്തത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്. കേരളത്തിലേക്ക് വരുന്ന മയക്കുമരുന്ന് ലോബിയുടെ അടിവേരറുക്കാനുള്ള ഈ സാഹചര്യം സർക്കാർ ഉപയോഗിക്കണം.

യുഎഎഫ്എക്സ് സൊല്യൂഷൻസ് ഒറ്റത്തവണയും വാർഷിക റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. സിപിഎമ്മിനെ യൂത്ത് ലീഗ് ആദ്യ ഘട്ടത്തിൽ ഇതിലേക്ക് വലിച്ചിഴച്ചില്ല. പക്ഷേ പാർട്ടിയുടെ പങ്ക് ഇപ്പോൾ വ്യക്തമാണ്. ബിനീഷിനെ സിപിഎം സംരക്ഷിക്കുന്നു. മക്കൾ ചെയ്യുന്ന തെറ്റ് മറക്കാൻ സിപിഎം കേരളത്തെ വിൽപ്പനക്ക് വെക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. മയക്കു മരുന്ന് കേസിൽ പിടിയിലായ കോക്കാച്ചി മിഥുൻ എന്ന സിനിമ നടന്റെ കോൾ ലിസ്റ്റിൽ ബിനീഷിന്റെ പേരുണ്ടായിരുന്നു, അതോടെ അന്വേഷണമവസാനിപ്പിച്ചു. യുഎഎഫ്എക്സ് സൊല്യൂഷൻസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കർണാടക അന്വേഷണ ഏജൻസി കേരളത്തിലേക്ക് വരാതിരിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. ആര് ആരുടെ ഒക്കച്ചങ്ങായിയാണെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രവും സംസ്ഥാനവും ഭായി ഭായി ബന്ധത്തിലാണ്. മയക്കുമരുന്ന് വിവാദം വഴി തിരിച്ച് വിടാനാണോ ബിജെപി ഒപ്പ് വിവാദം കൊണ്ടുവന്നതെന്ന് യൂത്ത് ലീഗ് സംശയിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മയക്കു മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് ബിനീഷിന്റെ വാദങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്. ബിനീഷ് കോടിയേരിയുടെ സഹായത്തോടെയാണ് റെസ്റ്റോറന്റ് ആരംഭിച്ചതെന്ന് അനൂബിന്റെ മൊഴിയിൽ വ്യക്തമായി. കുമരകത്തെ നൈറ്റ് പാർട്ടിയിൽ പോയില്ലെന്ന് ബിനീഷ് പറഞ്ഞെങ്കിലും ദൃശ്യങ്ങൾ ഫേസ്ബുക്കിൽ വന്നുവെന്നും ഫിറോസ് ആരോപിച്ചു.

വല്ലപ്പോഴുമേ അനൂബിനെ വിളിക്കാറുള്ളൂ എന്നാണ് ബിനീഷിന്റെ വാദം. എന്നാൽ നിരവധി തവണ ദീർഘനേരം അനൂബുമായി സംസാരിച്ചുവെന്ന് വ്യക്തമായി. വാട്‌സാപ്പ് കോൾ പരിശോധിച്ചാൽ ജൂലൈ 10 ന് അനൂബും ബിനീഷും സംസാരിച്ചുവെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. ഇപ്പോൾ പുറത്തുവരുന്നത് ഫോൺ കത്തിച്ചുകളഞ്ഞുവെന്നാണ്. വിശദമായി അന്വേഷണം നടത്തിയാൽ സ്വർണക്കടത്തിലടക്കം കൂടുതൽ വിവരം ലഭിക്കും. ബി ക്യാപിറ്റൽ കമ്പനി ബിനീഷിന്റേതാണെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു. അത് ബിനീഷ് നിഷേധിച്ചു. എന്നാൽ അതും ഇപ്പോൾ വ്യക്തമായി. ഇവിടെ മാത്രമല്ല കാര്യങ്ങൾ നിൽക്കുന്നതെന്ന് ഞങ്ങൾക്ക് മനസിലാകുന്നു.

Follow Us:
Download App:
  • android
  • ios