അറസ്റ്റിലായി ഒരു വർഷത്തോളം കഴിഞ്ഞ് ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചത്  സിപിഎം കേന്ദ്രങ്ങളിലും സജീവ ചര്‍ച്ചയാകുന്നു. ബിനീഷ് ജയിലിലായതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ കോടിയേരി ബാലകൃഷ്ണന്‍ ഉടന്‍ തിരിച്ചെത്താന്‍ സാധ്യതയെന്നാണ് വിലയിരുത്തൽ

തിരുവനന്തപുരം: അറസ്റ്റിലായി ഒരു വർഷത്തോളം കഴിഞ്ഞ് ബിനീഷ് കോടിയേരിക്ക് (Bineesh kodiyeri) ജാമ്യം (Bail) ലഭിച്ചത് സിപിഎം കേന്ദ്രങ്ങളിലും സജീവ ചര്‍ച്ചയാകുന്നു. ബിനീഷ് ജയിലിലായതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ കോടിയേരി ബാലകൃഷ്ണന്‍(Kodiyeri balakrishnan) ഉടന്‍ തിരിച്ചെത്താന്‍ സാധ്യതയെന്നാണ് വിലയിരുത്തൽ. ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് കോടിയേരി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29-ന് ബിനീഷ് കോടിയേരി അറസ്റ്റിലാകുമ്പോള്‍ സിപിഎമ്മിനേയും എല്‍ഡിഎഫിനേയും സംബന്ധിച്ച് നിര്‍ണായക സമയമായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു ഭാഗത്ത്. നിയമസഭാതെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം. സിപിഎമ്മിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഇത്തരമൊരു കേസില്‍ പെടുന്നത്.

മകന്‍ ചെയ്ത തെറ്റിന് അച്ഛൻ ഉത്തരവാദിത്വമില്ലെന്ന നിലപാട് പാര്‍ട്ടി സംസ്ഥാന കേന്ദ്രനേതൃത്വങ്ങള്‍ സ്വീകരിച്ചു. പക്ഷേ പാര്‍ട്ടി വലിയൊരു തെരഞ്ഞടുപ്പ് പോരാട്ടത്തിലേക്ക് പോകുമ്പോള്‍ ഇത് വലിയ ചര്‍ച്ചയാകുമെന്ന് കോടിയേരി വിലയിരുത്തി. മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് കോടിയേരി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അറിയിച്ചു. 

അങ്ങനെയാണ് കഴിഞ്ഞ നവമ്പര്‍ 11 കോടിയേരി മാറിയത്. ആരോഗ്യകാരണങ്ങളാല്‍ മാറുന്നുവെന്ന് പാര്‍ട്ടി വാര്‍ത്താകുറിപ്പിറക്കിയെങ്കിലും മകന്‍റെ കേസു കൂടി പരിഗണിച്ചാണ് മാറിയതെന്ന് കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്ന് പറഞ്ഞു. ബിനീഷിന്‍റെ ജാമ്യാപേക്ഷ പലവട്ടം മാറ്റിവക്കുകയും ജയില്‍വാസം ഒരു വര്‍ഷമാകുകയും ചെയ്തതോടെ രാഷ്ട്രീയപ്രേരിത നീക്കമെന്ന് പരാതി സിപിഎം ഉന്നയിച്ചിരുന്നു.

ഇനി കോടിയേരി എത്രയും പെട്ടെന്ന് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വരെ കാത്തിരിക്കുമോ അതോ ഉടന്‍ തന്നെ ഏറ്റെടുക്കുമോ എന്നാണറിയേണ്ടത്.എന്തായാലും ഏരിയാ സമ്മേളനങ്ങളിലേക്ക് കടക്കാനിരിക്കെ പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് ബിനീഷിന്‍റെ ജാമ്യം