സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയത് ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയ അതിശക്തമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ത്തുന്നത്

കൊച്ചി: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞോമനയുടെ ജീവന്‍ രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് ചീറി പാഞ്ഞപ്പോള്‍ സമാനതകളില്ലാത്ത പ്രാര്‍ത്ഥനയുമായാണ് കേരളം കാത്തിരുന്നത്. തെരുവോരങ്ങളെല്ലാം ഒരേ മനസ്സാല്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്ക്കൊപ്പം നിന്നും.

സിനിമയെ വെല്ലുന്ന രംഗങ്ങളിലൂടെ കുഞ്ഞ് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിട്ടും പ്രാര്‍ത്ഥനയുടെ അന്തരീക്ഷമാണ് എങ്ങും ഉയരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പെഴുതാനും ആളുണ്ടായി എന്ന ഞെട്ടിലിലാണ് ഏവരുമിപ്പോള്‍. ആംബുലന്‍സിലുള്ളത് ജിഹാദിയുടെ വിത്താണ് എന്ന് കുറിച്ചിട്ടുള്ള ബിനില്‍ സോമസുന്ദരത്തിന്‍റെ പേരിലുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

'കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ-മിത്താഹ്' ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്' ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സംഭവം വിവാദമായതോടെ ഇയാള്‍ പോസ്റ്റ് പിന്‍വലിച്ച് ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തെന്ന് മറ്റൊരു കുറിപ്പിട്ട് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. എന്നാല്‍ സമാനമായ പോസ്റ്റ് ട്വിറ്ററിലും ഇയാള്‍ ഇട്ടിരുന്നു. ഇത് പിന്‍വലിക്കാന്‍ വൈകിയത് ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയ അതിശക്തമായ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്തോ എന്ന ചോദ്യവും ഉയര്‍ത്തുന്നവരുണ്ട്. ഹിന്ദു രാഷ്ട്രയുടെ സേവകനാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഇയാള്‍ കടവൂര്‍ സ്വദേശിയാണെന്നാണ് വ്യക്തമാകുന്നത്.