ആലപ്പുഴ: പീഡന പരാതിയില്‍ ഒളിവിൽ പോയ ബിനോയ് കോടിയേരിയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി. യൂത്ത് കോൺഗ്രസ് കുതിരപ്പന്തി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹസനാണ് പരാതി നല്‍കിയത്. മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസിന്‍റെ നടപടി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കെ എം ടോമിക്കാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്. 

മുൻ ആഭ്യന്തരമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മകനെ കാണാതായത് ഗൗരവത്തോടെ പരിഗണിക്കണം എന്നാണ് പരാതിയിലെ ആവശ്യം.  ബിനോയിയെ അന്വേഷിച്ച് മുംബൈ പൊലീസ് കേരളത്തിലെത്തിയിരുന്നെങ്കിലും കണ്ടെത്താനാകാതെ തിരികെ പോവുകയായിരുന്നു. തുടർന്നാണ് മുംബൈ പൊലീസ് ബിനോയിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തിൽ കേരള പൊലീസ് ബിനോയിയെ കണ്ടെത്തി മുംബൈ പൊലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

നാളെ മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ ബിനോയ് വിദേശത്തേക്ക് കടക്കുമെന്ന സൂചന ലഭിച്ചതോടെയാണ് മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. ജൂൺ പതിമൂന്നിന് യുവതി പീഡന പരാതി നൽകിയപ്പോൾ ബിനോയ് അത് നിഷേധിച്ചിരുന്നു. എന്നാൽ മുംബൈ പൊലീസ് കേരളത്തിൽ എത്തിയതോടെ ബിനോയ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു. സംഘം ഒരാഴ്ച തെരച്ചിൽ നടത്തിയിട്ടും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല. നാളെ മുംബൈ സെഷൻസ് കോടതി ബിനോയിയുടെ മുന്‍കൂര്‍ ജാമ്യഹ‍ർജിയിൽ ഉത്തരവ് പറയുന്ന പശ്ചാത്തലത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.