Asianet News MalayalamAsianet News Malayalam

കോൺഗ്രസ് വിട്ടു നിന്നു; രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചു

ഇന്ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടു നിന്നതോടെയാണ് ബിജെപിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി വിജയിച്ചത്. ബിജെപിയുടെ ബിന്ദു പ്രദീപാണ് പുതിയ പ്രസിഡൻ്റ്. 

BJP came to power chennithala thripperumthura panchayath
Author
Alappuzha, First Published Apr 20, 2021, 11:59 AM IST

ആലപ്പുഴ: പ്രതിപക്ഷ നേതാവിന്‍റെ സ്വന്തം പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിൽ ബിജെപി ഭരണം പിടിച്ചു. മൂന്നാം തവണ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടുനിന്നതോടെയാണ് ബിജെപി അധികാരത്തിലേറിയത്. കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് തവണയും ബിജെപിയെ ഒഴിവാക്കാൻ കോൺഗ്രസ് സിപിഎമ്മിനെ പിന്തുണച്ചെങ്കിലും, വിജയിച്ചുവന്ന ശേഷം സിപിഎം അംഗം  പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, ഭരണപ്രതിസന്ധിയുള്ള തിരുവൻവണ്ടൂർ പഞ്ചായത്തിലും ഇന്ന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്.

പതിനെട്ടംഗ ഭരണസമിതിയിൽ ബിജെപിക്കും കോൺഗ്രസിനും ആറ് വീതവും സിപിഎമ്മിന് അഞ്ച് അംഗങ്ങളും ആണുള്ളത്. ഇവർക്ക് പുറമെ യുഡിഎഫ് വിമതനായി വിജയിച്ച സ്വതന്ത്രനുമുണ്ട് ഭരണസമിതിയിൽ. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡന്‍റ് സ്ഥാനം. ഈ വിഭാഗത്തിൽ നിന്നുള്ളവർ ബിജെപിക്കും സിപിഎമ്മിനും മാത്രമാണുള്ളത്. കേവലഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസ് സിപിഎമ്മിനെ പിന്തുണച്ചിരുന്നു. എന്നാൽ കോൺഗ്രസ് സിപിഎം കൂട്ടുകെട്ട് ബിജെപി സംസ്ഥാനമൊട്ടാകെ പ്രചാരണ വിഷയമാക്കിയിരുന്നു. തുടർന്ന് കോൺഗ്രസ് സഖ്യം വേണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിർദേശിച്ചതോടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വിജയമ്മ ഫിലേന്ദ്രൻ രാജിവെച്ചു. ഇത്തവണ പക്ഷെ സിപിഎമ്മിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറായില്ല. വോട്ടെടുപ്പിൽ യുഡിഎഫ് വിട്ടുനിന്നു. യുഡിഎഫ് വിമതനും ഇത്തവണ ബിജെപിക്ക് വോട്ടുചെയ്തു. ഏഴ് വോട്ടുകൾ നേടി ബിജെപിയിലെ ബിന്ദു പ്രദീപ് ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്‍റായി.

Follow Us:
Download App:
  • android
  • ios