തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് അനുവദിച്ച ചിഹ്നങ്ങളിൽ മാറ്റമുണ്ടാകില്ല. സ്ഥാനാർത്ഥി പട്ടികയിലെ പേരുകളിലും ക്രമത്തിലും മാറ്റമുണ്ടാകില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷനിൽ അപരന്മാരുടെ സ്ഥാനവും ചിഹ്നവും മാറ്റാൻ ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഈ ആവശ്യമാണ് നിരാകരിച്ചത്.

സ്ഥാനാർത്ഥി നൽകിയ പേരിന് പകരം വീട്ടുപേരുൾപ്പടെ കൂട്ടിച്ചേർത്ത് നൽകിയതും വിവാദമായിരുന്നു.    എന്നാൽ അക്ഷരമാലാ ക്രമത്തിൽ ആണ് പേരുകൾ നൽകുന്നതെന്നും ചട്ടപ്രകാരം ഇനി ഇത് മാറ്റി നൽകാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചു.  ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ചട്ടം തദ്ദേശ തെരഞ്ഞെടടുപ്പിൽ ബാധകമാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

പഞ്ചായത്ത് രാജ് ആക്ട് നിയമ പ്രകാരമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. സ്ഥാനാർത്ഥികളുടെ പേര് അക്ഷരമാല ക്രമത്തിൽ വേണമെന്നാണ് ചട്ടം. സ്വതന്ത്ര ചിഹ്നങ്ങളെക്കുറിച്ച്  നേരത്തെ പരാതി ഇല്ലായിരുന്നുവെന്നും കമ്മീഷൻ പറയുന്നു. ഇതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് ബിജെപി തീരുമാനം.

തിരുവനന്തപുരം കോർപ്പറേഷനിൽ 10 ഡിവിഷനുകളിൽ  ബിജെപി സ്ഥാനാർത്ഥികളുടെ  അതേപേരുള്ള അപരന്മാർക്ക് പട്ടികയിൽ തൊട്ടടുത്ത് സ്ഥാനവും   താമരയോട് സാമ്യമുള്ള  റോസാപ്പൂ ചിഹ്നവും അനുവദിച്ചിട്ടുണ്ട്.  ചിഹ്നവും പേരുകളുടെ ക്രമവും മാറ്റണമെന്നും പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വകരിക്കുമെന്ന മുന്നറിയിപ്പുമായി ബിജെപി സ്ഥാനാർത്ഥികൾ സമരവുമായെത്തിയിരുന്നു.

പട്ടം ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിയായ കെ സന്തോഷ് കുമാറിന് താമര ചിഹ്നം അനുവദിച്ചു. തൊട്ടുമുകളിൽ അപരൻ സന്തോഷിന് റോസാപ്പൂ കിട്ടി. ഇടവക്കോട് വാർഡിൽ  ബിജെപി സ്ഥാനാർത്ഥി പോങ്ങുംമൂട് വിക്രമന്റെ താമരയ്ക്ക് തൊട്ടുമുകളിൽ അപരൻ വിക്രമന് റോസാപ്പൂ ചിഹ്നം കിട്ടി. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥി അനുജി പ്രഭയ്ക്ക് താമര, തൊട്ടുമുകളിൽ മറ്റൊരു അനുവിന് റോസാപ്പൂ. ഇങ്ങനെ കോർപ്പറേഷനിൽ ബിജെപിക്ക് പ്രതീക്ഷയുള്ള 10 ഡിവിഷനുകളിൽ ഇതാണ് സ്ഥിതി.

അക്ഷരമാലാ ക്രമത്തിൽ, സാങ്കേതിക നടപടിക്രമം അനുസരിച്ചാണ് എല്ലാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. ദേശീയപാർട്ടികൾക്കും സംസ്ഥാന പാർട്ടികൾക്കും ഉള്ള മുൻഗണന സിപിഎമ്മിനെ ജയിപ്പിക്കാനായി അട്ടിമറിച്ചെന്ന് ബിജെപി ആരോപിക്കുന്നു. ബിജെപിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിച്ചതോടെ ബിജെപിയുടെ അടുത്ത നീക്കമാണ് ഉറ്റുനോക്കുന്നത്.