ആലപ്പുഴ: ലൈഫ് മിഷൻ അഴിമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ശക്തിപ്പെടുത്തുന്നു. മുഖ്യമന്ത്രി ഉൾപ്പെടെ ആരോപണവിധേയനായ സംഭവത്തിൽ വിജിലൻസ് അന്വേഷണമല്ല വേണ്ടതെന്നും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ക്ലീൻ ചിറ്റ് എഴുതി വാങ്ങാൻ വേണ്ടിയാണെന്നും ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു.  

ലൈഫ് മിഷൻ അഴിമതിയിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി വകുപ്പ് മന്ത്രിയും ആണ്. ധനമന്ത്രി ഇതിൽ സാക്ഷി ആണ്. അതിനാൽ തന്നെ ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. സർക്കാരിന് ഒന്നും മറയ്ക്കാൻ ഇല്ലെങ്കിൽ കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണം. ഇത്രയേറെ വിവാദമുണ്ടായിട്ടും കരാർ പുറത്ത് വിടാൻ സർക്കാർ തയ്യാറായിട്ടില്ല. അനുബന്ധ കരാർ ഉണ്ടോ എന്ന് വകുപ്പ് മന്ത്രിയും മിണ്ടുന്നില്ലെന്നും എം.ടി.രമേശ് ആരോപിച്ചു. 

ലൈഫ് മിഷനിൽ കമ്മിഷൻ ആർക്ക് ഒക്കെ പോയി എന്നത് മുഖ്യമന്ത്രിക്ക് അറിയാം. അഴിമതിയിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ട്. ലൈഫ് മിഷൻ 
അടിമുടി ദുരൂഹമാണ്. അതിനാൽ വിജിലൻസ് അന്വേഷണം പോരാ കേന്ദ്ര ഏജൻസി തന്നെ വേണം. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി  പ്രതിഷേധം ശക്തമാക്കുമെന്നും എം.ടി.രമേശ് പറഞ്ഞു.  

നിബന്ധനകളോടെ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്ന മന്ത്രി ഇതുവരെ കേരളത്തിൽ കണ്ടിട്ടില്ല. ഓരോ ചാനലിലും ഓരോ കാര്യങ്ങൽ പറയുകയാണ്. കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുമെന്നും രമേശ് വ്യക്തമാക്കി. ഒക്ടോബർ 2 നു 20000കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിൽപ്പ് സമരം നടത്തും. ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിൽ പ്രതിഷേധം നടത്തുമെന്നും രമേശ് പ്രസ്താവിച്ചു.  

സി ആപ്റ്റിൽ വന്ന പാർസലിനെക്കുറിച്ച്  അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്. ആ സംശയം മന്ത്രിയെ കുറിച്ചും ഉണ്ട്. ചട്ടങ്ങൾ പാലിക്കണ്ട എന്ന് ഒരു മന്ത്രി പറയുന്നത് എങ്ങനെയാണ്. മന്ത്രി പറയുന്ന എല്ലാം പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. രാജി വേണ്ട എന്ന സിപിഐയുടെ നിലപാട് വിചിത്രമാണ്. 

തോമസ് ചാണ്ടിയുടെ രാജിക്കയി കടുത്ത നിലപാട് എടുത്ത സിപിഐ ക്ക് ജലീലിന്റെ കാര്യത്തിൽ മറ്റൊരു നിലപാട് ആണ്. സിപിഐ നിലപാടും ദുരൂഹമാണ്. ജലീലിനെ എന്തിനാണ് സംരക്ഷിക്കുന്നത് എന്ന് സിപിഐ വ്യക്തമാക്കണം. ഇപി ജയരാജിന്റേയും ശശീന്ദ്രന്റേയും കാര്യത്തിൽ മറ്റൊരു നിലപാട് ആയിരുന്നു സിപിഐക്ക്. ജലീൽ രാജിവെച്ചാൽ എല്ലാ അന്വേഷണവും മുഖ്യമന്ത്രി യിലേക്ക് എത്തും. അതിന് കവചം തീർക്കാൻ ആണ് കാനം രാജേന്ദ്രനെ കൂടി കൂട്ടുപിടിക്കുന്നതെന്നും രമേശ് പരിഹസിച്ചു.