Asianet News MalayalamAsianet News Malayalam

അവഹേളിച്ചെന്ന് പത്രപ്രവര്‍ത്തക യൂണിയൻ: ഖേദം പ്രകടിപ്പിക്കില്ലെന്ന് സുരേന്ദ്രൻ

ആലപ്പുഴയിലെ പറവൂരിൽ നടന്ന ബിജെപി സംസ്ഥാന നേതൃയോഗവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ പേരിൽ കെ സുരേന്ദ്രൻ അപമര്യാദയായി പെരുമാറിയെന്ന് പത്രപ്രവ‍ര്‍ത്തക യൂണിയൻ

BJP Leader K surendran tries to attack journalists in Alapuzha
Author
Alappuzha, First Published May 28, 2019, 7:33 PM IST

ആലപ്പുഴ: പറവൂരിൽ നടന്ന ബിജെപി സംസ്ഥാന നേതൃയോഗവുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ പേരിൽ കെ സുരേന്ദ്രൻ അപമര്യാദയായി പെരുമാറിയെന്ന് പത്രപ്രവ‍ര്‍ത്തക യൂണിയൻ. എന്നാൽ തന്റെ ഭാഗത്ത് തിരുത്തേണ്ട തെറ്റ് പറ്റിയിട്ടില്ലെന്ന് കെ സുരേന്ദ്രനും പ്രതികരിച്ചു. 

ന്യൂസ് 18 കേരളം റിപ്പോര്‍ട്ടര്‍ വി വി വിനോദ്, ക്യാമറാമാന്‍ പി കെ പ്രശാന്ത് എന്നിവരോട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ സുരേന്ദ്രൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇതിൽ കേരള പത്രപ്രവ‍ര്‍ത്തക യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമപ്രവര്‍ത്തകരെ പൊതുവേദിയിൽ അവഹേളിച്ച നടപടി തിരുത്താൻ കെ സുരേന്ദ്രൻ തയ്യാറാകണമെന്നും ജില്ലാ ഭാരവാഹികള്‍ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

എന്നാൽ തന്റെ ഭാഗത്ത് തെറ്റുപറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ സുരേന്ദ്രൻ സംഭവത്തെ കുറിച്ച് വിശദമായ കുറിപ്പ് ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ചു.  "മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും നെറികെട്ട ഒരു മാതൃകയ്ക്കെതിരെ റിപ്പോർട്ടറോട് മുഖത്തുനോക്കി ചോദിച്ചു എന്നത് സത്യം," എന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

"കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഞാൻ ഏറെ ബഹുമാനിക്കുകയും ചെയ്യുന്ന സാമുദായിക സംഘടനയായ നായർ സർവ്വീസ് സൊസൈറ്റിക്കെതിരെ പാർട്ടിയോഗത്തിൽ ഞാൻ വിമർശനം നടത്തി എന്ന അങ്ങേയറ്റം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ ഒരു വാർത്ത കാലത്തുമുതൽ ന്യൂസ് 18 ചാനൽ വലിയ ബ്രേക്കിംഗ് ന്യൂസായി തുടർച്ചയായി കൊടുത്തുകൊണ്ടിരിക്കുകയാണ്. മനപ്പൂർവ്വം തെറ്റിദ്ധാരണ പരത്താനുള്ള ഈ വാർത്ത ബി. ജെ. പി യേയും വ്യക്തിപരമായി എന്നേയും അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം പടച്ചുവിട്ടതാണ്," എന്ന് അദ്ദേഹം ആരോപിച്ചു.

"പതിനായിരക്കണക്കിന് എൻ. എസ്. എസ് പ്രവർത്തകരുടെ വോട്ട് പത്തനംതിട്ടയിൽ എൻ. ഡി. എയ്ക്ക് കിട്ടിയ കാര്യം നേരത്തെ ഞാന്‍ പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. നെറികേട്‌ കാണിച്ചാൽ നേരെ ചോദിക്കും, അത് ആരായാലും. ഒരു പത്രപ്രവർത്തകനോടും അപമര്യാദയായി പെരുമാറുന്ന പതിവില്ല. പത്രപ്രവർത്തകർക്ക് ആരേയും തേജോവധം ചെയ്യാനുള്ള ലൈസൻസില്ല എന്ന വസ്തുത സി. പി. എമ്മിന്റെ പോഷകസംഘടനയായി അധഃപതിച്ച പത്രപ്രവർത്തക യൂനിയനെ വിനയത്തോടെ ഓർമ്മിപ്പിക്കുന്നു. രാഷ്ട്രീയമായി എതിർക്കാം. അതിന് മറ്റു സംഘടനകളെ അനാവശ്യമായി വലിച്ചിഴക്കുന്നത് അംഗീകരിക്കില്ല. തിരുത്താനായി ഒന്നും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തിരുത്തേണ്ടത് ന്യൂസ് 18 ആണ്. വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകും," കെ സുരേന്ദ്രൻ

Follow Us:
Download App:
  • android
  • ios