റിമാൻഡിലായ പി സി ജോർജിനെ ഇസിജി വേരിയേഷനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.

കോട്ടയം: മത വിദ്വേഷ പരാമർശ കേസിൽ റിമാന്‍റിലുള്ള പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യപേക്ഷ നൽകിയത്. കോടതി വ്യാഴാഴ്ച ഹർജി പരിഗണിക്കും. അതേസമയം പി.സി. ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി ഐസിയുവിൽ തുടരുകയാണ്. 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിലവിൽ ആരോഗ്യ നില തൃപ്തികരമാണ്. ‍ഡോക്ടർമാരുടെ നിർദേശം കൂടി കണക്കിലെടുത്താകും ജയിലിലേക്ക് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.

ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.

ഇന്നലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പിസി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.

Venjaramoodu Massacre | Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്