ആർഎസ്എസിനെ നെക്കുറിച്ച് സംസാരിക്കുമ്പോൾ, ആദ്യം അതിന്റെ ചരിത്രവും നിലപാടുകളും എന്താണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ, ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്ന പരാമർശത്തിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്. വിവാദ പരാമർശത്തിനെതിരെ സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചർ ആർഎസ്എസിനെ ചേർത്ത് വച്ച് നടത്തിയ പരമാർശത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്തെത്തി. ആർഎസ്എസിനെ നെക്കുറിച്ച് സംസാരിക്കുമ്പോൾ, ആദ്യം അതിന്റെ ചരിത്രവും നിലപാടുകളും എന്താണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ, ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ആർഎസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണാൻ ശ്രമിക്കുന്നത്, അതിന് സമാനമാണ് കാന്തപുരത്തിന്‍റെ പ്രതികരണമെന്നായിരുന്നു ശ്രീമതിയുടെ പരാമർശം. കാന്തപുരം വീണ്ടും സ്ത്രീവിരോധം ഛർദ്ദിക്കുന്നു, അതിനുള്ള ചുട്ട മറുപടി ഇസ്ലാം മതത്തിലെ ഒരു ചെറുപ്പക്കാരി തന്നെ നൽകിയിട്ടുണ്ട്. പ്രായാധിക്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാൽ കാലം ആധുനിക കേരളത്തിന് മാപ്പ് നൽകില്ലെന്നും ശ്രീമതി ടീച്ചർ പ്രതികരിച്ചിരുന്നു. എന്നാൽ 1936-ൽ സ്ത്രീകൾക്കായി രാഷ്ട്ര സേവികാ സമിതി രൂപീകരിച്ചുകൊണ്ട് സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിനും നേതൃത്വത്തിനും പ്രാധാന്യം നൽകിയ പ്രസ്ഥാനമാണ് ആർഎസ്എസ് എന്ന് ശോഭ സുരേന്ദ്രൻ തിരിച്ചടിച്ചു.

സ്ത്രീകളെ അടുക്കളയുടെ നാലുചുവരുകൾക്കുള്ളിൽ തളച്ചിടുക എന്നതല്ല, മറിച്ച് സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ആർഎസ്എസിന്‍റെ നിലപാടെന്നും ശോഭ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് ഒരു സ്ത്രീ എത്തിനിൽക്കുന്നതും, ബിജെപിയുടെ വിവിധ തലങ്ങളിൽ നിരവധി സ്ത്രീകൾ നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുവന്നതിന്റെ പിന്നിൽ ആർഎസ്എസ് ആണ്. കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ, ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.