Asianet News MalayalamAsianet News Malayalam

ആശുപത്രിയിൽ മലയാളം വിലക്കിയ നടപടി, ദില്ലി സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് ടോം വടക്കൻ

ഓക്സിജൻ ആവശ്യങ്ങൾക്ക് ദില്ലി സർക്കാരിന് കേരളത്തിന്റെ സഹായം സ്വീകരിക്കാമെന്നും എന്നാൽ ഭരണഘടന അംഗീകരിച്ച മലയാളത്തെ തള്ളിപ്പറഞ്ഞത് വിരോധാഭാസമാണെന്നും ടോം വടക്കൻ...

BJP leader Tom Vadakkan has criticized the Delhi government for banning Malayalam in g b pant hospital
Author
Delhi, First Published Jun 6, 2021, 4:21 PM IST

ദില്ലി: ജോലി സമയത്ത് നഴ്സുമാ‍ർ മലയാളം സംസാരിക്കുന്നത് വിലക്കി ദില്ലിയിലെ പ്രശസ്തമായ ജി.ബി.പന്ത് ആശുപത്രി സർക്കുലർ ഇറക്കിയ സംഭവത്തിൽ ദില്ലി സർക്കാരിനെതിരെ ബിജെപി നേതാവ് ടോം വടക്കൻ. ഓക്സിജൻ ആവശ്യങ്ങൾക്ക് ദില്ലി സർക്കാരിന് കേരളത്തിന്റെ സഹായം സ്വീകരിക്കാമെന്നും എന്നാൽ ഭരണഘടന അംഗീകരിച്ച മലയാളത്തെ തള്ളിപ്പറഞ്ഞത് വിരോധാഭാസമാണെന്നും ടോം വടക്കൻ കൂട്ടിച്ചേർത്തു. 

ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം നഴ്സുമാർ ഉള്ളത് കേരളത്തിൽ നിന്നാണ്. രാജ്യത്തിന്റെ മുൻനിര പോരാളികളായി ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമൊപ്പം പ്രവർത്തിക്കുന്നവരാണ് ഈ നഴ്സുമാർ. എന്നിട്ടും കേരളത്തിന്റെ മൌനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ടോം വടക്കൻ പ്രതികരിച്ചു. 

സംഭവത്തിൽ കേരള സർക്കാർ നേരിട്ട് ദില്ലി സർക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവം ദേശീയ തലത്തിൽ വാർത്തയാകുക കൂടി ചെയ്തതോടെ ആശുപത്രി അധികൃതർ ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടോം വടക്കന്റെ പ്രതികരണം.
അടിയന്തരമായി സർക്കുലർ പിൻവലിച്ച് വിശദീകരണം നൽകാൻ ദില്ലി ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. പിന്നാലെ സർക്കുലർ പിൻവലിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. സ‍ർക്കുലറിൽ ഒപ്പിട്ട ആശുപത്രിയിലെ നഴ്സിം​ഗ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകും. 

ദില്ലി ജി.ബി പന്ത് ആശുപത്രിയിലെ വിവാദ സർക്കുലറിനെതിരെ ശക്തമായ പ്രതിഷേധമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടായത്. ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്ന സർക്കുലറിനെതിരെയായിരുന്നു പ്രതിഷേധം. ജോലി സമയത്ത് മലയാളം പല നഴ്സുമാരും ഉപയോഗിക്കുന്നത് ആശയ വിനിമയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി ലഭിച്ചെന്നും ഇതിനാൽ ഹിന്ദിയോ ഇംഗ്ലീഷോ മാത്രം ഉപയോഗിക്കണമെന്നാണ് ആശുപത്രിയിലെ നഴ്സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. 

സർക്കുലറിനെതിരെ മലയാളി നഴ്സുമാർ രംഗത്തെത്തി. മാതൃഭാഷയിൽ പരസ്പരം സംസാരിക്കരുതെന്ന സർക്കുലർ അംഗീകരിക്കാനാകില്ലെന്നും സർക്കുലർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ദില്ലിയിലെ സർക്കാർ ആശുപത്രിയിലെ മലയാളി നഴ്സുമാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റർ പ്രചാരണത്തിനും തുടക്കമിട്ടു. 

ആശുപത്രിയിലെ മറ്റു സംസ്ഥാനങ്ങളിലെ നഴ്സുമാരും പ്രതിഷേധവുമായി രംഗത്തെത്തി. അതെ സമയം ആശുപത്രി അധികൃതരുടെ അനുവാദത്തോടെയല്ല ഉത്തരവെന്നും സർക്കുലർ സംബന്ധിച്ച് തിങ്കാളാഴ്ച്ച യോഗം വിളിക്കുമെന്നും ആശുപത്രിയിലെ ഉന്നത ഉദ്യോഗസ്ഥർ വിശദീകരിച്ചു. സർക്കുലർ അത്ഭുതകരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചിരുന്നു.
 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios