തിരുവനന്തപുരം: സിപിഎമ്മിൽ നിന്ന് കോൺഗ്രസിലെത്തി, അവിടെ നിന്ന് ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിക്ക് ഏറെ വൈകാതെ തന്നെ ദേശീയതലത്തിലേക്ക് 'പ്രൊമോഷൻ' കിട്ടിയതിലടക്കം സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നു. എ പി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റാക്കിയത് ചർച്ചകൾ കൂടാതെയാണെന്ന് വിമർശിച്ച് പി പി മുകുന്ദൻ രംഗത്തെത്തി. ഇതിനിടെ പുനഃസംഘടനയിൽ അതൃപ്തരായവരെ ഒപ്പം നിർത്തിയുള്ള നിർത്തിയുള്ള നീക്കം ശക്തമാക്കുകയാണ് ശോഭാ സുരേന്ദ്രൻ. എന്നാൽ ദേശീയ നേതൃത്വം എടുത്ത തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു.

കുമ്മനത്തെയും ശോഭാസുരേന്ദ്രനെയും തഴഞ്ഞ് അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്‍റാക്കിയതിനെതിരെയാണ് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാളായ പി പി മുകുന്ദന്‍റെ പരസ്യവിമർശനം. ''ദീ‌ർഘകാലം പ്രവർത്തിച്ച നേതാക്കളെ അവഗണിച്ച് ഇന്നലെ വന്നൊരാൾക്ക് സ്ഥാനം നൽകിയത് ശരിയായില്ല.  എ പി അബ്ദുള്ളക്കുട്ടിയെ പാർട്ടി ദേശീയ ഉപാധ്യക്ഷനാക്കിയത് കൂടിയാലോചനകൾ ഇല്ലാതെയാണ്. പാർട്ടിക്കായി ജയിലിൽ പോയവരെയും കഷ്ടപ്പെട്ടവരെയും വിസ്മരിക്കരുത്. സ്ഥാനങ്ങൾക്ക് വേണ്ടിയിട്ടല്ല ആദ്യകാല നേതാക്കൾ പ്രസ്ഥാനത്തിൽ എത്തിയത്. സംഘടനാതെരഞ്ഞെടുപ്പിന് പകരമുള്ള നോമിനേഷൻ രീതി പാർട്ടിയെ തകർക്കും. വ്യക്തി അധിഷ്ഠിതമാകുന്ന പ്രസ്ഥാനങ്ങൾക്ക് അധികകാലം നിലനിൽപ്പില്ല'', എന്ന് പി പി മുകുന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നേതൃത്വവുമായി ഇടഞ്ഞ ശോഭാസുരേന്ദ്രൻ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റപ്പെട്ടത് മുതൽ പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. ദേശീയ തലത്തിലും തഴയപ്പെട്ടതോടെ സംസ്ഥാനത്ത് അതൃപ്തിയുള്ള നേതാക്കളുമായി ചേർന്നുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് ശോഭ. 

കുമ്മനത്തിന് ബിജെപി ദേശീയ നേതൃത്വം വാഗ്ദാനം ചെയ്ത പാർട്ടി പദവി കിട്ടാത്തതിൽ ആർഎസ്എസിനും ഉള്ളത് കടുത്ത അതൃപ്തിയാണ്. കൃഷ്ണദാസിന് പരാതി ഉണ്ടെങ്കിലും ആ ഗ്രൂപ്പിലെ പ്രമുഖ നേതാവ് എം ടി രമേശ് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്നതോടെ പാർട്ടി പരിപാടികളിൽ സജീവമാകുന്നത് തൽക്കാലം സംസ്ഥാനപ്രസിഡന്‍റ് കെ സുരേന്ദ്രന് ആശ്വാസമാണ്.

അതേ സമയം പരാതികളില്ലെന്നാണ് വി മുരളീധരന്‍റെ അഭിപ്രായം. എല്ലാവരും ദേശീയനേതൃത്വം എടുത്ത തീരുമാനങ്ങൾ അംഗീകരിക്കണമെന്ന് വി മുരളീധരൻ ആവശ്യപ്പെടുന്നു. ഇനി വരാനുള്ള ദേശീയ നിർവ്വാഹകസമിതി പുനഃസംഘടനയിൽ സംസ്ഥാനത്തെ ചില നേതാക്കളെ കൂടി പരിഗണിക്കാനുള്ള സാധ്യതയുണ്ട്. അതിലാണ് നിലവിൽ തഴയപ്പെട്ട സംസ്ഥാനനേതാക്കളുടെ പ്രതീക്ഷ.