2024 പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഇടത്-ജിഹാദി-കോൺഗ്രസ് സഖ്യത്തിനുള്ള ഗൂഢാലോചനയാണ് പാർട്ടി കോൺഗ്രസിൽ നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു

കോഴിക്കോട്: മുസ്ലീം ലീഗ് വൈകാതെ ഇടതുമുന്നണിയിലെത്തുമെന്ന് ബി ജെ പി പറഞ്ഞത് ശരിയാവുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇ പി ജയരാജൻ പറഞ്ഞത് അദ്ദേഹത്തിന്‍റെ ആഗ്രഹം മാത്രമല്ല, സിപിഎമ്മിന്‍റെ നിലപാട് കൂടിയാണ്. ദ്വിരാഷ്ട്ര വാദത്തിനും ജിന്നക്കും പരസ്യ പിന്തുണ നൽകിയ ഒരേ ഒരു പാർട്ടിയേ ഇന്ത്യയിലുള്ളൂ അത് കമ്യൂണിസ്റ്റ്‌ പാർട്ടിയാണ്. സി പി എമ്മിന്‍റെ സ്വാഭാവിക സഖ്യകക്ഷി ലീഗാണ്. നയത്തിലും പരിപാടികളിലും ഇന്ത്യാവിരുദ്ധത ഇരുകൂട്ടർക്കും രക്തത്തിലലിഞ്ഞതാണ്. ന്യൂനപക്ഷ വർഗീയതയെ കോടിയേരി ഉൾപ്പെടെയുള്ളവർ ന്യായീകരിച്ചത് ലീഗിന്‍റെ വരവിന് മുന്നൊരുക്കമാണ്. 2024 പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഇടത്-ജിഹാദി-കോൺഗ്രസ് സഖ്യത്തിനുള്ള ഗൂഢാലോചനയാണ് പാർട്ടി കോൺഗ്രസിൽ നടന്നത്. പോപ്പുലർ ഫ്രണ്ടുമായും സഖ്യമുണ്ടാക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. സി പി ഐയുടെത് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള ലീഗ് വിരുദ്ധത മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

'ഇടത്തോട്ട് കോണി ചാരണ്ട', ഇപിയെ തള്ളി കാനം, കുഞ്ഞാലിക്കുട്ടി 'കിംഗ്‍മേക്കറെ'ന്ന് ഇപി

അതേസമയം മുന്നണി വിപുലീകരണത്തെക്കുറിച്ച് എൽഡിഎഫിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്നും, പുതുതായി ചുമതലയേറ്റ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞതായിരിക്കുമെന്നും സി പി ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ രാവിലെ രംഗത്തെത്തിയിരുന്നു. പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നില്ലെങ്കിലും ഇപി പറഞ്ഞതിനെ പൂർണമായി തള്ളിക്കളയുന്ന നിലപാടാണ് കാനം സ്വീകരിച്ചത്. ചർച്ച ചെയ്യാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ താനില്ലെന്നും കാനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, എൽ ഡി എഫിന് പറയാനുള്ളത് എൽ ഡി എഫ് പറഞ്ഞു, ഇനി ബാക്കിയൊക്കെ അവർ തീരുമാനിക്കട്ടെ എന്നായിരുന്നു ഇ പി ജയരാജൻ ഇന്ന് പ്രതികരിച്ചത്. മുന്നണി വിപുലീകരണം എൽ ഡി എഫിന്‍റെ അജണ്ടയിലുണ്ട് എന്ന് ഇപി വ്യക്തമാക്കി. ഇപ്പോഴിക്കാര്യം ലീഗിന്‍റെ അജണ്ടയിലില്ലെന്ന് മാത്രം പ്രതികരിച്ച് രാഷ്ട്രീയാഭ്യൂഹങ്ങൾക്ക് വഴിമരുന്നിട്ട കുഞ്ഞാലിക്കുട്ടിക്ക് ഇപിയുടെ പരോക്ഷപ്രശംസയും കിട്ടി. 'രാഷ്ട്രീയകാര്യങ്ങളിൽ നയരൂപീകരണത്തിലൊക്കെ ഒരു കിംഗ്‍മേക്കറാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹം എന്താണുദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് ചോദിച്ചുനോക്കൂ', എന്നായിരുന്നു ഒരു ചിരിയോടെ ഇ പി പറഞ്ഞുവച്ചത്.

'പി സി ചാക്കോ ഇന്നെവിടെയാണ്? കെ വി തോമസ് എവിടെയാണ്? ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള എല്ലാ അടവുപരമായ നടപടികളും സി പി എം സ്വീകരിക്കും. അതാണ് ഇടത് നയം', കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണി കൂടുതൽ ശക്തിപ്പെടുമെന്നും, അതൊരു മനുഷ്യമഹാപ്രവാഹമായി മാറുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. 

ഇന്നലെ മുന്നണി വിപുലീകരണം എൽഡിഎഫിന്‍റെ പദ്ധതിയിലുള്ള കാര്യമാണെന്നും, 50 ശതമാനം വോട്ടുകൾ നേടുന്ന മുന്നണിയായി എൽഡിഎഫിനെ വളർത്തുകയാണ് ലക്ഷ്യമെന്നും ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് വരികയാണെങ്കിൽ ലീഗിനെ മുന്നണിയിലെടുക്കുന്ന കാര്യത്തിൽ ചർച്ചയാകാമെന്ന് ഇപി വ്യക്തമാക്കി. ആർഎസ്പിക്കും ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനം ആകാമെന്നും ഇ പി പറഞ്ഞിരുന്നു.