തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ വിവാദത്തിൽ, കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോ കേരള പൊലീസ് ഇടപെട്ട് സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു. തെറ്റ് എന്താണെന്ന് വ്യക്തമാക്കാതെ അഞ്ഞൂറിലധികം പോസ്റ്റുകൾ നീക്കിയ പൊലീസ് നടപടിക്കെതിരെ വിമർശനം ശക്തമാവുകയാണ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബി ജെ പി സീൽ പതിച്ച സംഭവത്തിൽ വിവാദം കത്തുന്നു. ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിലാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് കോൺ​ഗ്രസ് പ്രചരിപ്പിച്ച എ ഐ വീഡിയോ കേരള പൊലീസ് ഇടപെട്ട് നീക്കി. ബി ജെ പി സീൽ വിവാദം തുടർച്ചയായി മൂന്നാം ദിവസവും പ്രതിപക്ഷം ദേശീയ തലത്തിൽ ബി ജെ പിക്കും കേന്ദ്ര സർക്കാറിനുമെതിരെ ആയുധമാക്കുമ്പോഴും കേരള പൊലീസ് നടപടികൾ തുടരുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി തെറ്റ് സമ്മതിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചവരുടെ പോസ്റ്റുകൾ നീക്കിയതിന് പിന്നാലെ രാഷ്ട്രീയ പാർട്ടികളുടെയും വീഡിയോകളും കേരള പൊലീസ് ഇടപെട്ട് നീക്കി തുടങ്ങിയതിൽ വിമ‌ർശനവും ശക്തമാണ്. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായാണ് ബി ജെ പിയുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും ഓഫീസ് ഒന്നാണെന്ന് പരിഹസിച്ചുകൊണ്ട് കോൺ​ഗ്രസ് ഇന്ന് രാവിലെ ഇറക്കിയ എ ഐ വീഡിയോയും, പൊലീസ് പരാതി നൽകി സാമൂഹ്യമാധ്യമങ്ങളിൽ നിന്നും നീക്കിച്ചത്. എന്നാൽ കോൺ​ഗ്രസ് വിഷയത്തിൽ കൂടുതൽ വീഡിയോകൾ പങ്കുവയ്ക്കുന്നുണ്ട്, അതും വൈകാതെ നീക്കിയേക്കുമെന്നാണ് വ്യക്തമാകുന്നത്. സംഭവിച്ചത് പിഴവല്ലെന്നും ​ഗൂഢാലോചനയാണെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. എൽ ഡി എഫും ബി ജെ പിയും ചേർന്ന ​ഗൂഢ സംഘമാണ് എല്ലാറ്റിനും പിന്നിലെന്ന് കോൺ​ഗ്രസ് നേതാക്കളും വിമർശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഉത്തരമില്ലാതെ കേരള പൊലീസ്

അതേസമയം എന്തിനാണ് പോസ്റ്റുകൾ നീക്കുന്നതെന്നും, പോസ്റ്റുകളിൽ എന്താണ് തെറ്റെന്നുമുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം കേരള പോലീസ് നൽകുന്നില്ല. പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പറഞ്ഞ ഡി ജി പി റവാഡ ചന്ദ്രശേഖർ എല്ലാവരും സഹകരിക്കണമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് സമ്മതിച്ചു. അഞ്ഞൂറിലധികം സമൂഹമാധ്യമ ഹാൻഡിലുകളിൽനിന്നുള്ള പോസ്റ്റുകൾ നീക്കാനാണ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് കേരള പൊലീസ് ഇതുവരെ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി തെറ്റ് സമ്മതിച്ച സംഭവമായിട്ടും സമൂഹമാധ്യമങ്ങളിൽ അക്കാര്യം പങ്കുവച്ചവർക്കെതിരായ നടപടി എന്തിനെന്ന കാര്യത്തിൽ പൊലീസ് മൗനം തുടരുന്നതിലും വിമർശനം ശക്തമാണ്.