തിരുവനന്തപുരം: പാർട്ടിയിലെ ഭിന്നതയും വിവാദങ്ങളും ശക്തമായിരിക്കെ സംസ്ഥാന ബിജെപി ഭാരവാഹിയോഗം നാളെയും മറ്റന്നാളുമായി നടക്കും. വിദേശത്തെ മന്ത്രിതല ചർച്ചയിൽ മഹിളാ മോർച്ച നേതാവ് പങ്കെടുത്ത വിവാദം ചർച്ചയാകാനിടയുണ്ട്. എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡണ്ടാക്കിയതിനെതിരെ വിമർശനം ഉയരാനും സാധ്യതയുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾക്ക് രൂപം നൽകലാണ് ബിജെപി യോഗത്തിൻറെ പ്രധാന അജണ്ട. പക്ഷെ പുന:സംഘടനയെ ചൊല്ലിയുള്ള തർക്കങ്ങളും മഹിളാ മോർച്ച് നേതാവ് സ്മിതാ മേനോൻ ഉൾപ്പെട്ട വിവാദവും ചർച്ചക്ക് വരാനിടയുണ്ട്. കുമ്മനം, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളെ തഴഞ്ഞ് എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡണ്ടാക്കിയതിൽ ഗ്രൂപ്പിന് അതീതമായി പാർട്ടിയിലുള്ള അമർഷം യോഗത്തിൽ പ്രതിഫലിക്കും.

ദേശീയ നേതൃത്വം എടുത്ത തീരുമാനം എല്ലാവരും അംഗീകരിക്കണമെന്ന അച്ചടക്കത്തിന്റെ വാളോങ്ങിയാണ് സംസ്ഥാന നേതൃത്വം എതിർ ശബ്ദങ്ങളെ ഇതുവരെ പുറത്ത് നേരിട്ടത്. നേതൃത്വവുമായി ഉടക്കി പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്ന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ ഈ യോഗത്തിനും എത്താൻ സാധ്യതകുറവാണ്. കേന്ദ്രസഹമന്ത്രി വിമുരളീധരനൊപ്പം യുവമോർച്ചാനേതാവ് സ്മിതാമേനോൻ വിദേശത്തെ മന്ത്രിതല യോഗത്തിൽ പങ്കെടുത്തത് ഇതിനകം വലിയ വിവാദമായികഴിഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ യോഗത്തിൽ പ്രശ്നം ഉന്നയിക്കാനിടയുണ്ട്. ജലീലിനെതിരെ പ്രോട്ടോക്കോൾ ലംഘനം ഉയർത്തി സമരം ചെയ്യുന്ന പാർട്ടിക്ക് ഈ വിവാദം തിരിച്ചടിയുണ്ടാക്കിയെന്ന് ചില നേതാക്കൾക്ക് അഭിപ്രായമുണ്ട്. ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ അനുഭവസമ്പത്തുള്ളവരെ തഴഞ്ഞെന്നെ പൊതുപരാതിയെ ബലപ്പെടുത്തുന്നരീതിയിൽ സ്മിതാമേനോൻറെ നിയമനവും ചർച്ചായിട്ടുണ്ട്. എന്നാൽ മുരളീ പക്ഷം സമ്മർദ്ദത്തിലാകുന്ന ഈ വിവാദത്തിൽ കൃഷ്ണദാസ് പക്ഷം യോഗത്തിലെടുക്കുന്ന നിലപാട് പ്രധാനമാണ്. ആദ്യം ഉടക്കിയെങ്കിലും എഎൻരാധാകൃഷ്ണനും എംടിരമേശും കെ.സുരേന്ദ്രനുമായി അനുനയപാതയിലാണ് ഇതുവരെ.