കണ്ണൂര്‍: ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കണ്ണൂരിൽ ചേരും. അംഗത്വ വിതരണം ഊർജ്ജിതമാക്കുന്നത് പ്രധാന ചർച്ചയാകും. സംഘടനാ തെരഞ്ഞെടുപ്പിന്റെ സമയക്രമത്തിലും ഇന്ന് തീരുമാനമുണ്ടാകും. ശബരിമല പ്രശ്നത്തിൽ സ്വകാര്യ ബിൽ ലോക്സഭയിൽ വന്ന സാഹചര്യത്തിൽ പാർട്ടി സ്വീകരിക്കേണ്ട തുടർനടപടികളും ചർച്ചയായേക്കും.

ബിജെപിയുടെ അംഗസംഖ്യ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന അംഗത്വവിതരത്തിന് ശിവരാജ് സിംഗ് ചൗഹാന്‍ അധ്യക്ഷനായ പ്രത്യേക സമിതിയെ അമിത് ഷാ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നും ശോഭാ സുരേന്ദ്രന്‍ ഈ സമിതിയില്‍ അംഗമാണ്, 

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതിലെ പ്രശ്നങ്ങള്‍ ബിജെപി ദേശീയ സെക്രട്ടറി രാംമാധവ് തന്നെ തുറന്ന് പറയുകയും യുഡിഎഫ് പ്രതിനിധി എന്‍കെ പ്രേമചന്ദ്രന്‍ ശബരിമല വിഷയത്തില്‍ സ്വകാര്യബില്‍ അവതരിപ്പിക്കുകയും ചെയ്തതോടെ വിഷയത്തില്‍ കൃത്യമായൊരു നിലപാട് എടുക്കേണ്ട വെല്ലുവിളി ബിജെപിക്ക് മുന്നിലുണ്ട്.

യുവതിപ്രവേശനത്തിനെതിരെ നേരത്തെ എടുത്ത ശക്തമായ നിലപാടില്‍ നിന്നും പിന്നോക്കം പോയാല്‍ എതിരാളികളില്‍ നിന്നും വിശ്വാസി സമൂഹത്തില്‍ നിന്നും ഒരേപോലെ പാര്‍ട്ടി വിമര്‍ശനം നേരിടേണ്ടി വരും.