സർക്കാരിന് തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. വെറുമൊരു മുന്നറിയിപ്പ് നൽകലല്ല സർക്കാരിന്റെ ചുമതല. നിയമം കർശനമായി നടപ്പിലാക്കുന്നതും നിരപരാധികളായ മനുഷ്യരുടെ ജീവൻ സംരക്ഷിക്കുന്നതുമാണ് യഥാർത്ഥ ഭരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരം: വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തോടുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ പ്രതികരണത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. വയനാട് ദുരന്തത്തോടുള്ള വിഡി സതീശന്‍റെ നിരുത്തരവാദപരമായ സമീപനം ഈ സർക്കാരിന്റെ പരാജയത്തെയും ജനജീവിതത്തോടുള്ള കടുത്ത അവഗണനയെയുമാണ് തുറന്നു കാട്ടുന്നതെന്നും കേരളത്തിലെ ജനങ്ങൾ ഭരണാധികാരികളിൽ നിന്ന് അർഹിക്കുന്നത് സഹാനുഭൂതിയും ഉത്തരവാദിത്വബോധവും മികച്ച നേതൃത്വവുമാണ്, അല്ലാതെ അഹങ്കാരമല്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
വയനാട്ടിൽ നടന്ന ദുരന്തത്തിന് കാരണം മണ്ണ് കൂട്ടിയിട്ടത് മാറ്റത്തിനിലാണെന്നും അലർട്ട് ചെയ്യാത്തല്ല പ്രശ്നവുമെന്ന സതീശന്‍റെ പരിഹാസത്തോടെയുള്ള വീഡിയോ പങ്കുവെച്ചാണ് ബിജെപി അധ്യക്ഷന്‍റെ വിമർശനം. സർക്കാർ തീരുമാനങ്ങൾ അനുസരിക്കാത്ത ഒരു കരാറുകാരന് മുന്നിൽ തങ്ങൾ നിസ്സഹായരായിരുന്നു എന്ന് നടിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന് തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. വെറുമൊരു മുന്നറിയിപ്പ് നൽകലല്ല സർക്കാരിന്റെ ചുമതല. നിയമം കർശനമായി നടപ്പിലാക്കുന്നതും നിരപരാധികളായ മനുഷ്യരുടെ ജീവൻ സംരക്ഷിക്കുന്നതുമാണ് യഥാർത്ഥ ഭരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വി.ഡി. സതീശനെതിരെ സിപിഎം നേതാവും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസും രംഗത്ത് വന്നിരുന്നു. ദുരന്ത സമയത്തുണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടേതെന്നും എല്ലാവരെയും യോജിപ്പിച്ച് ഒന്നിച്ച് പോകേണ്ടതിന് പകരം ഭിന്നിപ്പുണ്ടാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്. കള്ളാടി ദുരന്തത്തിൽ ചില കാര്യങ്ങൾ പറയാനുണ്ട്. അത് പിന്നീട് പറയാം. വിഷയത്തിൽ മന്ത്രിമാർക്ക് ഭിന്ന സ്വരമാണുള്ളത്. ഓരോ മന്ത്രിമാരും തോന്നിയത് പോലെ പറയുന്നു. കലക്ടീവ് ലീഡർഷിപ്പില്ലെന്നും റിയാസ് ആരോപിച്ചു.


