Asianet News MalayalamAsianet News Malayalam

ജയ് ശ്രീറാം ഫ്ളക്സ് വിവാദം: നാല് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ. നാല് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കൂടുതൽ പേരെ പ്രതിചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

bjp workers arrested in palakkad flux controversy
Author
Palakkad, First Published Dec 23, 2020, 8:14 PM IST

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസൻ, കൊപ്പം സ്വദേശികളായ എം ബിജു, ഉണ്ണികൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. നാല് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കൂടുതൽ പേരെ പ്രതിചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഐപിസി 153 നൊപ്പം അതിക്രമിച്ചു കയറിയെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയിൽ വിജയം എൻഡിഎ ഉറപ്പാക്കിയതിന് പിന്നാലെയാണ് നഗരസഭാ മന്ദിരത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയത്. ഒന്നിൽ ശിവജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്ന് എഴുതിയിരുന്നു. രണ്ടാമത്തേതിൽ മോദി, അമിത് ഷ എന്നിവർക്കൊപ്പം വന്ദേമാതരവും. ഇത് ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ പൊലീസിടപെട്ട് നീക്കി. ദൃശ്യങ്ങൾ വലിയ വിമർശനത്തോടെയാണ് സമൂഹ മാധ്യമങ്ങളടക്കം ചർച്ചയായത്. 

വിമർശനമുയർന്നതോടെ നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. സംഭവത്തിൽ പരാതിയുമായി സിപിഎം, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫീസിന് മുകളിൽ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും 'ജയ് ശ്രീറാം' എന്ന ബാനർ ചുവരിൽ വിരിക്കുകയും ചെയ്തത് ബിജെപി നേതാക്കളുടെ അറിവോടെ സംഘപരിവാർ പ്രവർത്തകരെ ഉപയോഗിച്ചാണെന്നാണ് സിപിഎം അടക്കം ഉന്നയിച്ചത്.

Follow Us:
Download App:
  • android
  • ios