തിരുവനന്തപുരം: നേപ്പാളിലെ ദമനില്‍ മരണപ്പെട്ട മലയാളി വിനോദസഞ്ചാരികളുടെ മൃതദേഹം നാട്ടില്‍ എത്തുന്നത് വൈകിയേക്കും. മരണപ്പെട്ട എട്ട് പേരുടേയും മൃതദേഹങ്ങള്‍ നാളെ തന്നെ നാട്ടില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതിയതെങ്കിലും നേപ്പാള്‍ പൊലീസിന്‍റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാനുള്ളതിനാല്‍ മൃതദേഹങ്ങള്‍ വ്യാഴാഴ്ച മാത്രമേ നാട്ടിലെത്തിക്കാനാവൂ എന്നാണ് കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി നല്‍കുന്ന വിവരം. 

മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാളെ തന്നെ എത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ഇതിനു സാധ്യത കുറവാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നേപ്പാളില്‍ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി പ്രവീണിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍. 

അല്‍പസമയം മുന്‍പും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അല്‍പസമയത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയാമെന്നും കടകംപള്ളി പറഞ്ഞു. നാളെ മൂന്ന് മണിക്ക് മുൻപ് നടപടികള്‍ തീര്‍ത്ത് പോസ്റ്റ്മോര്‍ട്ടം പൂർത്തിയാക്കിയാല്‍ മാത്രമേ നേപ്പാളിൽ നിന്ന് കൊണ്ടുവരാനാകൂ. അതിന് സാധ്യത കുറവാണെന്ന് കടകംപളളി വ്യക്തമാക്കി. നേപ്പാള്‍ അപകടത്തില്‍ മരിച്ചവരുടെ മൃതദേങ്ങള്‍ നാളെ വൈകുന്നേരത്തിന് മുന്‍പ് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉറപ്പുനൽകിയതായി കോഴിക്കോട് എംപി എം കെ രാഘവൻ പറഞ്ഞു.
 
ഇന്ന് രാവിലെയാണ് നേപ്പാളിലെ ദമനിലെ ഒരു റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് മരിച്ചത്.  

വിനോദസഞ്ചാരത്തിനായി നേപ്പാളില്‍ എത്തിയ 15 അംഗസംഘം ഇന്നലെ ദമനിലെ ഒരു റിസോര്‍ട്ടിലാണ് തങ്ങിയത്. റിസോര്‍ട്ടിലെ നാല് മുറികളിലായാണ് ഇവര്‍ താമസിച്ചത്. ഇതില്‍ ഒരു മുറിയുടെ രണ്ട് ഭാഗത്തായാണ് പ്രവീണിന്‍റേയും രഞ്ജിത്തിന്‍റേയും കുടുംബങ്ങള്‍ താമസിച്ചിരുന്നത്. 

രാവിലെ വാതിൽ തുറക്കാതായപ്പോൾ ഒപ്പമുണ്ടായിരുന്നവർ ഇവരെ വിളിച്ചു. പ്രതികരണം ഇല്ലാതെ വന്നതോടെ ഹോട്ടൽ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ഹോട്ടൽ അധികൃതർ മുറി തുറന്നപ്പോൾ എട്ട് പേരെയും അബോധാവസ്ഥയിൽ കണ്ടെത്തി.  തുടർന്ന് പൊലീസെത്തി, ഹോട്ടലിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ഇവരെ കാഠ്മണ്ഡുവിലെ എച്ച്എഎംഎസ് ആശുപത്രിയിലെത്തിച്ചു. ആശുപതിയിലെത്തിക്കും മുൻപ് തന്നെ എട്ട് പേരും മരിച്ചിരുന്നതായി ആശുപത്രി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു

സമുദ്രനിരപ്പില്‍ നിന്നും 2500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദമനിലെ കടുത്ത തണ്ണുപ്പില്‍ നിന്നും രക്ഷനേടാന്‍ ഇവര്‍ ഹീറ്റർ ഓൺ ചെയ്തിരുന്നുവെന്നാണ് വിവരം.വാതിലുകളും ജനാലകളും അടച്ചാണ് ഇവർ രാത്രി ഉറങ്ങിയത്. ഇതിനിടയില്‍ മുറിക്കകത്തെ ഗ്യാസ് ഹീറ്റര്‍ ലീക്കായതാവാം ദുരന്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാഠ്മണ്ഡുവില്‍ നിന്നും 80 കിമീ അകലെയാണ് ഈ റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. അപകടത്തിന്‍റെ കാരണം കണ്ടെത്താനായി ഇന്ത്യന്‍ എംബസിയിലെ ഡോക്ടറും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ സാന്നിധ്യത്തിലാവും നാളെ പോസ്റ്റ്മോര്‍ട്ടം നടത്തുക. മരിച്ച രഞ്ജിത്തിന്‍റെ ഒരു കുട്ടി അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഈ കുട്ടി മറ്റൊരു റൂമിലായിരുന്നു ഉറങ്ങിയിരുന്നത്.