കോപ്പിയടി വിവാദത്തിൽ ഹരിത സാവിത്രിക്ക് കെ ആർ മീര വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ആർ മീര തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഹരിത ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെ ആർ മീരയുടെ ആരോപണം.
തിരുവനന്തപുരം: കലാച്ചി- സിൻ കോപ്പിയടി വിവാദത്തിൽ നിയമനടപടിക്കൊരുങ്ങി എഴുത്തുകാരി കെ ആർ മീര. ഹരിത സാവിത്രിക്ക് കെ ആർ മീര വക്കീൽ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ആർ മീര തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഹരിത ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെ ആർ മീരയുടെ ആരോപണം.
സിന്നിന്‍റെ എഴുത്തുകാരി ഹരിത ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കോപ്പിയടി വിവാദം ചൂടുപിടിച്ചത്. കാമുകനെ തേടി വിദേശത്തെ സംഘർഷ മേഖലയിലെത്തുന്ന യുവതിയുടെ കഥയാണ് നോവലുകളുടെ ഇതിവൃത്തം. കസാക്കിസ്ഥാനിലെ കലാച്ചിയിലെ കഥ കെ ആർ മീര പറയുമ്പോൾ, കൂർദിനിലെ കഥയാണ് ഹരിത എഴുതിയത്. 2022 ലാണ് സിൻ പുറത്തിറങ്ങിയത്. 2023 ൽ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടി. 2025 ലാണ് കെ ആർ മീരയുടെ കലാച്ചി പുറത്തിറങ്ങിയത്. 2025 ലാണ് കലാച്ചി ഇറങ്ങിയതെങ്കിലും 2020 ൽ തന്നെ പുസ്തകത്തിന്‍റെ ആദ്യഭാഗങ്ങൾ ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചെന്നാണ് കെ ആർ മീരയുടെ വാദം. എന്നാൽ ഇതിനെയും ഹരിത സാവിത്രി തള്ളുന്നു.
കെ ആർ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ പ്രിയ വായനക്കാരുടെയും എന്നെ സ്നേഹിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും അറിവിലേക്ക് :
എന്റെ 'കലാച്ചി' എന്ന നോവലിനെയും 'കലാച്ചി'യുടെ രചയിതാവ് എന്ന നിലയിൽ എന്നെയും സംബന്ധിച്ച്, സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന്റെയും വായനക്കാരുടെയും മുമ്പിൽ എന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തിൽ എന്നെപ്പറ്റി അവമതിപ്പ് സൃഷ്ടിച്ചതായും എനിക്കു ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ, ഇതുസംബന്ധിച്ചുള്ള നിയമ നടപടികൾക്കു മുന്നോടിയായി അഡ്വ. എൻ.കെ ഉണ്ണികൃഷ്ണൻ മുഖേന ഹരിത സാവിത്രിക്ക് ഒരു ലീഗൽ നോട്ടീസ് അയച്ചുകഴിഞ്ഞു. നോട്ടീസിൽ ഞാൻ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികൾ, നോട്ടീസിൽ രേഖപ്പെടുത്തിയ തീയതിക്കകം
ശ്രീമതി ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി കോടതിയെ സമീപിക്കുകമാത്രമേ എനിക്കു മാർഗമുള്ളൂ. ലീഗൽ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങൾ അറിയിക്കാം.
സ്നേഹത്തോടെ,
കെ ആർ മീര

