അന്താരാഷ്ട്ര തലത്തില്‍ കേരള ടൂറിസം ബ്രാന്‍ഡ് സജീവമായി ശ്രദ്ധയില്‍ നിലനിര്‍ത്താന്‍ വര്‍ഷം മുഴുവന്‍ നീളുന്ന മാര്‍ക്കറ്റിംഗ് കാമ്പയിന്‍ നടപ്പിലാക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു

തിരുവനന്തപുരം: ടൂറിസം മേഖലയിലെ പുതിയ പ്രവണതകള്‍ പങ്കാളികള്‍ക്ക് പരിചയപ്പെടുത്താന്‍ 'ഇന്‍ഡസ്ട്രി കണക്ട്' എന്ന സ്ഥിര സംവിധാനം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സംരംഭകര്‍ക്കും പങ്കാളികള്‍ക്കും പ്രോത്സാഹനം നല്‍കി ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം പങ്കാളികളും സംരംഭകരും പങ്കെടുത്ത ഉപദേശക സമിതി, സ്റ്റേക്ക്ഹോള്‍ഡേഴ്സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

 ഇന്‍ഡസ്ട്രി കണക്ടിന്‍റെ ഭാഗമായി ടൂറിസം പങ്കാളികള്‍ ഉള്‍പ്പെട്ട ഒരു സെല്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത് മൂന്നു മാസത്തിലൊരിക്കല്‍ ചേരും. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പങ്കാളികള്‍ നേരിടുന്ന പ്രശ്ങ്ങളെ ഇന്‍ഡസ്ട്രി കണക്ട് പ്ലാറ്റ് ഫോം വഴി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരും. ഈ വര്‍ഷം മുതല്‍ ടൂറിസം ഇന്‍ഡസ്ട്രിയില്‍ വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ കേരള ടൂറിസം ബ്രാന്‍ഡ് സജീവമായി ശ്രദ്ധയില്‍ നിലനിര്‍ത്താന്‍ വര്‍ഷം മുഴുവന്‍ നീളുന്ന മാര്‍ക്കറ്റിംഗ് കാമ്പയിന്‍ നടപ്പിലാക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. വളരെ ഊര്‍ജിതമായ രീതിയില്‍ കേരള ടൂറിസത്തെ ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ മാര്‍ക്കറ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷത്തോടെ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കൊവിഡിനു മുമ്പത്തെ സ്ഥിതിയിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി കേരള ടൂറിസത്തിന്‍റെ പ്രധാന അന്താരാഷ്ട്ര വിപണികളായ യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ പ്രത്യേക കാമ്പയിന്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൂറിസം സെക്രട്ടറി ബിജു കെ, ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) വിഷ്ണുരാജ് പി. എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അറബ് സമ്മര്‍ സീസണായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ അവിടത്തെ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനായുള്ള മാര്‍ക്കറ്റിംഗ് കാമ്പയിന്‍ യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നടന്നുവരികയാണ്. ഈ വര്‍ഷത്തെ അറബ് സീസണില്‍ കൂടുതല്‍ സഞ്ചാരികള്‍ ജിസിസി രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്താന്‍ ഈ പ്രചരണം സഹായിക്കും. 'ഇന്ത്യാസ് സമ്മര്‍ ക്യാമ്പ്' എന്ന സോഷ്യല്‍ മീഡിയ കാമ്പയിന്‍ വ്യാപകമായി ശ്രദ്ധിക്കപ്പെടുകയും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി സഞ്ചാരികള്‍ വേനലവധിക്കാലത്ത് കേരളത്തിലെത്തുകയും ചെയ്തു.

2023-24 വര്‍ഷത്തില്‍ കേരള ടൂറിസം 6 അന്താരാഷ്ട്ര ടൂറിസം ട്രേഡ് ഫെയറുകളില്‍ പങ്കെടുക്കുകയും യൂറോപ്പിലും മിഡില്‍ ഈസ്റ്റിലുമായി 13 നഗരങ്ങളില്‍ ബി2ബി മീറ്റുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇന്ത്യക്കകത്ത് 7 പ്രമുഖ ടൂറിസം ട്രേഡ് ഫെയറുകളിലും 12 നഗരങ്ങളില്‍ ബി2ബി മീറ്റുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. 2024-25 വര്‍ഷം മെയ് മാസത്തില്‍ ആഭ്യന്തര ടൂറിസം പ്രചാരണത്തിന്‍റെ ഭാഗമായി ഇന്ത്യക്കകത്ത് വിപുലമായ മള്‍ട്ടിമീഡിയ കാമ്പയിന്‍ നടത്തി.

ടൂറിസം മേഖലയിലെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കണമെന്നും മെഡിക്കല്‍, ആയുര്‍വേദ ടൂറിസത്തിന് പ്രാധാന്യം നല്‍കണമെന്നും യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കണമെന്നും വിമാന നിരക്ക് ഇളവില്‍ ഇടപെടല്‍ നടത്തണമെന്നും ആവശ്യമുയര്‍ന്നു. കേരളത്തെ എല്ലാ സീസണിനും അനുയോജ്യമായ ഡെസ്റ്റിനേഷനായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തണമെന്നും പ്രതിനിധികള്‍ പറഞ്ഞു. ഹൗസ് ബോട്ട്, ഹോം സ്റ്റേ ഉടമകള്‍, ഫാം, മെഡിക്കല്‍, വെല്‍നസ്, അഡ്വഞ്ചര്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിമന്‍ ട്രാവല്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, കെടിഎം സൊസൈറ്റി ഉള്‍പ്പടെ ടൂറിസം മേഖലയിലെ മറ്റ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഒന്നും രണ്ടുമല്ല, 13,000 ഒഴിവുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ; അതിവേഗ നടപടികൾക്ക് നി‍ർദേശം, വിജ്ഞാപനം ഉടൻ

നാളെയാണ് നാളെയാണ് നാളെയാണ് തുടങ്ങുന്നത്! വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകളെല്ലാം അറിയാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം