എല്ലാ വര്‍ഷവും സപ്തംബര്‍ മാസം മുടങ്ങാതെ വീട്ടുകരമടച്ച് റസീപ്റ്റ് സൂക്ഷിച്ചുവെക്കുന്ന ജനാര്‍ദ്ദനന് 9500 രൂപ കുടിശ്ശിക. മൂന്ന് തവണ കോര്‍പ്പറേഷന് കത്തെഴുതി. മറുപടിയില്ല, കുടിശ്ശിക അതുപോലെ തന്നെ കിടക്കുന്നു. ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണം...

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീട്ടുകരം ഒടുക്കി റസീപ്റ്റ് കരുതാത്തവര്‍ ബുദ്ധിമുട്ടുന്നു. കൃത്യമായി കരമടക്കുന്ന പലരുടെയും പണം കോര്‍പേറേഷനില്‍ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ക‍ൃത്യമായി നികുതി അടക്കുകയും എന്നാല്‍ പത്ത് കൊല്ലത്തെ കുടിശ്ശിക അടയ്ക്കാനുണ്ടെന്ന് കോര്‍പറേഷന്‍ അറിയിച്ച വ്യക്തിയുടെ കൂടെ ഏഷ്യാനെറ്റ്ന്യൂസും കോര്‍പറേഷനിലെ കെട്ടിടനികുതി വിഭാഗത്തിലെത്തി. 

പേര് എം ജനാര്‍ദ്ദനന്‍. പൂജപ്പൂര സ്വദേശിയാണ്. വിഎസ്എസ് സിയില്‍ ഡിവിഷണല്‍ ഹെഡ്. കെട്ടിട നികുതിയുടെ വിരങ്ങളറിയാന്‍ വെബ്സൈറ്റില്‍ കയറി നോക്കി. എല്ലാ വര്‍ഷവും സപ്തംബര്‍ മാസം മുടങ്ങാതെ വീട്ടുകരമടച്ച് റസീപ്റ്റ് സൂക്ഷിച്ചുവെക്കുന്ന ജനാര്‍ദ്ദനന് 9500 രൂപ കുടിശ്ശിക. മൂന്ന് തവണ കോര്‍പ്പറേഷന് കത്തെഴുതി. മറുപടിയില്ല, കുടിശ്ശിക അതുപോലെ തന്നെ കിടക്കുന്നു. വര്‍ഷങ്ങളോളം കരമടച്ചില്ലെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. ജനാര്‍ദ്ദനന്‍ പരാതിയുമായി നേരിട്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലെത്തി.

വിവരം ഉദ്യോഗസ്ഥരെ നേരിട്ട് ധരിപ്പിക്കാന്‍ കെട്ടിട നികുതി സെക്ഷനിലേക്ക് പോയി. കൂടെ ഏഷ്യാനെറ്റ് ന്യൂസും. ഇവിടെ പരാതിയുമായി ജനാര്‍ദ്ദനനെ പോലെ നിരവധി പേര്‍ എത്തിയിട്ടുണ്ട്. ജനാര്‍ദ്ദനന്‍റെ പരാതിയും നികുതിയടച്ച രസീതുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. കൃത്യമായി പണമടച്ചിട്ടും വെബ്സൈറ്റിന്‍റെ തകരാര്‍ എന്ന് മാത്രമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി. അപ്പോള്‍ കരമടച്ച റസീപ്റ്റ് കൈവശമില്ലാത്തവര്‍ എന്ത് ചെയ്യും എന്നതാണ് ചോദ്യം.