Asianet News MalayalamAsianet News Malayalam

ബം​ഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്രം; 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകും; ജാ​ഗ്രത

ചുഴലിക്കാറ്റ് തെക്കൻ കേരളത്തെയും ബാധിച്ചേക്കുമെന്ന് കാലാവസ്ഥാ നീരീക്ഷണകേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റിനെ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയെന്ന് റവന്യു മന്ത്രി പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ യോ​ഗം ചേർന്ന് മുൻകരുതൽ നടപടികൾ വിലയിരുത്തി. ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. 

burevi cyclone in the bay of bengal intensified
Author
Thiruvananthapuram, First Published Dec 1, 2020, 11:02 AM IST

തിരുവനന്തപുരം: ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദം ആയി മാറി. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് തെക്കൻ കേരളത്തെയും ബാധിച്ചേക്കുമെന്ന് കാലാവസ്ഥാ നീരീക്ഷണകേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റിനെ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ‌ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ യോ​ഗം ചേർന്ന് മുൻകരുതൽ നടപടികൾ വിലയിരുത്തി. ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. 

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ന്യൂനമർദ്ദം ഇപ്പോൾ ശ്രിലങ്കൻ തീരത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കന്യാകുമാരിക്ക് ആയിരം കിലോമീറ്റർ അകലെയാണ് നിലവിൽ സ്ഥാനം. ഇത് തമിഴ്നാട് തീരത്തേക്ക് എത്തുമെന്നതാണ് കേരളത്തിന് ആശങ്കയാകുന്നത്. തീരമേഖലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പുലർത്തണം. നാവികസേനയുടേയും വ്യോമസേനയുടേയും സഹായം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 

തമിഴ്നാട് തീരത്തെത്തുന്ന ബുറേവി ചുഴലിക്കാറ്റിനത്തുടർന്ന് ഡിസംബർ രണ്ടിന് വൈകിട്ടോടെയും മൂന്നിനും സംസ്ഥാനത്തെ നാല് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച കന്യാകുമാരി തീരം തൊടുന്ന ചുഴലിക്കാറ്റിനെത്തുടർന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് റെഡ് അലർട്ട്.

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിലെ ഡാമുകളിലും റിസർവ്വോയറുകളിലും ജാഗ്രത വേണമെന്ന് കേന്ദ്ര ജല കമ്മിഷൻ അറിയിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരത്തെ നെയ്യാർ റിസർവോയർ, കൊല്ലം കല്ലട റിസർവ്വോയർ എന്നിവിടങ്ങളിലും പത്തനംതിട്ട കക്കി ഡാം എന്നിവിടങ്ങളിൽ ജാഗ്രത വേണമെന്നും ജലനിരപ്പ് ക്രമീകരിച്ചില്ലെങ്കിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതിന് ഇടയാക്കുമെന്ന് കേന്ദ്ര ജലകമ്മിഷൻ മുന്നറിയിപ്പ് നൽകുന്നു. ഡാമുകളുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. തീർത്ഥാടന കാലം കണക്കിലെടുത്ത് പമ്പ, മണിമല, അച്ചൻകോവിൽ എന്നിവിടങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

Follow Us:
Download App:
  • android
  • ios