ദേശീയ പാതയിലെ കോഴിക്കോട്-മലപ്പുറം-തൃശ്ശൂര്‍ പാതയില്‍ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി.  യാത്രസൗകര്യമില്ലാതെ ആയിരങ്ങള്‍ പെരുവഴിയില്‍. 

കോഴിക്കോട്: തൃശൂർ-കോഴിക്കോട് റൂട്ടിൽ സ്വകാര്യബസ് ഉടമകളും ജീവനക്കാരും പ്രഖ്യാപിച്ച മിന്നൽ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. പണിമുടക്ക് അറിയാതെയെത്തുന്ന നിരവധി ആളുകളാണ് കോഴിക്കോട്-തൃശ്ശൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും നിരാശരായി മടങ്ങുന്നത്. 

മലപ്പുറം പുത്തനത്താണിക്ക് സമീപം സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഈ കേസിലെ പ്രതികളെ പിടിക്കൂടണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബസുകള്‍ സമരം ആരംഭിച്ചത്. ഇന്നലെ ആരംഭിച്ച സമരം രണ്ടാം ദിവസത്തിലെത്തിയതോടെ കോഴിക്കോട്- മലപ്പുറം - തൃശ്ശൂര്‍ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളൊന്നും തന്നെ ഓടാത്ത അവസ്ഥയാണ്. 

കോഴിക്കോട്-തൃശ്ശൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ കൂടാതെ ദേശീയപാതയിലൂടേയും ബൈപ്പാസിലൂടേയും കോഴിക്കോട് നിന്നും മലപ്പുറത്തെ വിവിധ ഭാഗങ്ങളിലേക്ക് ഓടുന്ന ദീര്‍ഘദൂര ബസുകളും സര്‍വ്വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്നും കോഴിക്കോട്ടേക്കും തൃശ്ശൂരിലേക്കും എത്താന്‍ കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 

സൂചി കുത്താന്‍ പോലുമിടമില്ലാത്ത നിലയിലാണ് കോഴിക്കോട്-മലപ്പുറം-തൃശ്ശൂര്‍ പാതയില്‍ ഇന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഓടിയത്. തീവണ്ടികളിലും കനത്ത തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതേസമയം പുത്തനത്താണിയില്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചവരെ പിടികൂടാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബസുടമകളും തൊഴിലാളികളും. അനാവശ്യമായി പോലും ബസ് ജീവനക്കാരെ കൈയേറ്റം ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അവര്‍ പരാതിപ്പെടുന്നു.