കൊച്ചി: ബസിൽ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ബന്ധിച്ച് വഴിയിൽ ഇറക്കിവിട്ട വൃദ്ധൻ മരിച്ചു. മുവാറ്റുപുഴ വണ്ണപ്പുറം റൂട്ടിൽ ഇന്നലെയാണ് സംഭവം. മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യർ ആണ് മരിച്ചത്. അറുപത്തെട്ട് വയസ്സുണ്ട്. 

മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യർ വാഹനത്തിൽ  കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ 5 കിലോമീറ്റർ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് ബസ് ജീവനക്കാർ  വിലച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് പരാതി. പിന്നീട് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സേവ്യര്‍ അവിടെ വച്ചാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം. 

സംഭവത്ത തുടര്‍ന്ന് പൊലീസ്  കേസ് എടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസ്.  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ തന്നെ വൈദ്യസഹായം വേണമെന്ന് സേവ്യര്‍ ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. എന്നാൽ അവിടെ നിന്നും അഞ്ച് കിലോമീറ്റര്‍ കൂടി പോയാണ് ബസ് നിര്‍ത്തി സേവ്യറെ ഇറക്കി വിട്ടത്. പിന്നീട് ഓട്ടോ ഡ്രൈവര്‍മാരാണ് സേവ്യറെ ആശുപത്രിയിലാക്കിയതെന്നാണ് വിവരം.

 "

അതേസമയം ബസിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആളെ നിര്‍ബന്ധിച്ച് വലിച്ചിറക്കി വിട്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ബസ് ഉടമ പ്രതികരിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന വിവരം അറിഞ്ഞപ്പോൾ തന്നെ അടുത്ത സ്റ്റോപ്പിലേക്ക് എത്തുകയും ഓട്ടോയിൽ കയറ്റിവിടുകയുമാണ് ചെയ്തതെന്നാണ് ബസ് ഉടമ പറയുന്നത്. തിരുവോണം ആയിരുന്നതിനാൽ ബസിൽ ജീവനക്കാര്‍ കുറവായിരുന്നു, കൂടെ വിടാൻ പാകത്തിന് ആരും ബസിൽ ഉണ്ടായിരുന്നില്ലെന്നും ബസുടമ പ്രതികരിക്കുന്നു.

"

പ്രാദേശിക കോൺഗ്രസ് പ്രവര്‍ത്തകനാണ് മരിച്ച സേവിയര്‍. സംഭവത്തെ തുടര്‍ന്ന് റോഡ് ഉപരോധം അടക്കം വലിയ പ്രതിഷേധങ്ങളും ഉണ്ടായിട്ടുണ്ട്. വീഴ്ച വന്നിട്ടില്ലെന്ന ബസുടമയുടെ വാദം പൂര്‍ണ്ണമായും തള്ളുന്നതാണ് മറിച്ചുള്ള ആരോപണം. ദേഹാസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചിട്ടും വൈദ്യസഹായം ലഭ്യമാക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല അഞ്ച് കിലോമീറ്റര്‍ പിന്നിട്ട ശേഷം ഓട്ടോറിക്ഷക്ക് അടുത്ത് നിര്‍ത്തി ഇറക്കി വിടുകയായിരുന്നു എന്നുമാണ് ആരോപണം.