Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പ്: 23 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 29 ന്

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ ഉപതിരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും, കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് ബാധകമാവുക

byelection to 23 wards of Kerala local bodies will be conducted in February 29th kgn
Author
First Published Jan 27, 2024, 2:41 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം തിങ്കളാഴ്ച (ജനുവരി 29 ന്) പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക ഫെബ്രുവരി അഞ്ച് വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. പത്രിക ഫെബ്രുവരി എട്ട് വരെ പിൻവലിക്കാം. വോട്ടെണ്ണൽ ഫെബ്രുവരി 23 ന് രാവിലെ 10 മണിക്ക് നടത്തും.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ ഉപതിരഞ്ഞെടുപ്പുള്ള ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലും, കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് ബാധകമാവുക. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്യേണ്ട തുക മുനിസിപ്പൽ കോർപ്പറേഷനിൽ 5000 രൂപയും മുനിസിപ്പാലിറ്റികളിൽ 4000 രൂപയും ഗ്രാമപഞ്ചായത്തുകളിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഇതിന്റെ പകുതി തുക അടച്ചാൽ മതി.

അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിന് പത്രികയോടൊപ്പം നിശ്ചിത ഫാറത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി നൽകണം. തിരഞ്ഞെടുപ്പിനു വേണ്ടി അന്തിമ വോട്ടർപട്ടിക ജനുവരി 25 ന് പ്രസിദ്ധീകരിച്ചു. 23 വാർഡുകളിലായി ആകെ 32512 വോട്ടർമാരുണ്ട്. അതിൽ 15298 പുരുഷന്മാരും 17214 പേര്‍ സ്ത്രീകളുമാണ്. www.seckerala.gov.in എന്ന വെബ്സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും വോട്ടർ പട്ടിക ലഭ്യമാണ്.

പത്ത് ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡിലും നാല് മുനിസിപ്പാലിറ്റി വാർഡുകളിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

ജില്ല, തദ്ദേശസ്ഥാപനം, വാർഡ് നമ്പരും പേരും ക്രമത്തിൽ:

തിരുവനന്തപുരം: മുനിസിപ്പൽ കോർപ്പറേഷനിലെ 64ാം ഡിവിഷൻ വെള്ളാര്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് കുന്നനാട്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ കോവിൽവിള, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ 38ാം വാര്‍ഡ് അടയമൺ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. 

കൊല്ലം ജില്ലയിലെ ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 10ാം വാര്‍ഡായ കരിയോട്, പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാര്‍ഡായ കടമ്മനിട്ട, ആലപ്പുഴ വെളിയനാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡായ കിടങ്ങറ ബസാർ തെക്ക്, ഇടുക്കി മൂന്നാര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡ് മൂലക്കട, 18ാം വാര്‍ഡ് നടയാര്‍, എറണാകുളം എടവനക്കാട് ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ് നേതാജി, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് കൽപ്പക നഗർ, തൃശ്ശൂര്‍ മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ 07ാം വാര്‍ഡ് പതിയാർകുളങ്ങര എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കും.

പാലക്കാട് ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിലിലെ 06ാം വാര്‍ഡ് മുതുകാട്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് പൂക്കോട്ടുകാവ് നോര്‍ത്ത്, എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ് പിടാരിമേട്, തിരുവേഗപ്പുറ പഞ്ചായത്തിലെ 16ാം വാര്‍ഡ് നരിപ്പറമ്പ, മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ രണ്ടാം വാര്‍ഡ് ചുണ്ട, 14ാം വാര്‍ഡ് ഈസ്റ്റ് വില്ലൂര്‍, മക്കരപ്പറമ്പ് പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കാച്ചിനിക്കാട് കിഴക്ക്, കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ 05ാം വാര്‍ഡ് മമ്മാക്കുന്ന്, രാമന്തളി ഗ്രാമപഞ്ചായത്തിലെ 09ാം വാര്‍ഡ് പാലക്കോട് സെൻട്രൽ, മട്ടന്നൂർ മുനിസിപ്പൽ കൗൺസിലിലെ 29 ാം വാര്‍ഡ് ടൗൺ, മാടായി ഗ്രാമപഞ്ചായത്തിലെ 20 ാം വാര്‍ഡ് മുട്ടം ഇട്ടപ്പുറം എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios