Asianet News MalayalamAsianet News Malayalam

'ഉപതെരഞ്ഞെടുപ്പ് വേണ്ട', സംയുക്ത ആവശ്യം ഉന്നയിക്കാൻ സ‍ർവകക്ഷിയോഗം വിളിച്ച് സർക്കാർ

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നാണ് സർക്കാർ ആവശ്യം. ഇതേ അഭിപ്രായം ഉണ്ടെങ്കിലും തദ്ദേശതെരഞ്ഞെടുപ്പ് കൂടി ഒഴിവാക്കണമെന്നതാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

byelections and covid crisis kerala government calls all party meet on cancellation
Author
Thiruvananthapuram, First Published Sep 9, 2020, 10:21 PM IST

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കുന്നത് ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് യോഗം. നാലു മാസത്തേക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിലാണ് സർക്കാരും ഇടതുമുന്നണിയും.

ഉപതിരഞ്ഞെടുപ്പിന് എതിരായ നിലപാട് ബിജെപിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവച്ചാൽ നിയമസഭ ഉപതിരഞ്ഞെടുപ്പ് മാറ്റുന്നതിനോട് സഹകരിക്കാം എന്ന നിലപാടാണ് കഴിഞ്ഞ ദിവസം പിന്തുണ അഭ്യർഥിച്ചു വിളിച്ച മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷ നേതാവ് നൽകിയത്. ഈ സാഹചര്യത്തിൽ അഭിപ്രായ സമന്വയം ഉണ്ടാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാവും മറ്റന്നാളത്തെ യോഗത്തിൽ സർക്കാർ ശ്രമിക്കുക.

2021 മെയ് മാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ കൊവിഡ് പ്രതിസന്ധിക്കിടെ ധൃതി പിടിച്ച്, കുട്ടനാട് ചവറ ഉപതെരഞ്ഞെടുപ്പുകൾ വേണ്ട എന്നതാണ് സർക്കാർ നിലപാട്.  സര്‍ക്കാര്‍ കാലാവധി തീരാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കൂടാതെ സംസ്ഥാനത്ത് കൊവിഡ് വ്യാപനവും രൂക്ഷമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉപതെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകാനാണ് സർക്കാര്‍ ആലോചനയെന്നാണ് വിവരം. തെരഞ്ഞെടുപ്പ് മാറ്റിവക്കാനുള്ള പ്രവര്‍ത്തനങ്ങൾ ഒരു വഴിക്ക് നടക്കുമ്പോൾ തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ജനങ്ങളിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. അതിനാലാണ് എല്ലായിടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും. 

Follow Us:
Download App:
  • android
  • ios