കോഴിക്കോട്: കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് മർദ്ദനം ഏൽക്കേണ്ടി വന്ന ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേയ്ക്ക് തിരികെ പോയി. ബിജെപി പ്രവർത്തകരിൽ നിന്നും ഭീഷണിപ്പെടുത്തിയതിനാൽ ഭയന്നിട്ടാണ് പശ്ചിമ ബംഗാളിലേക്ക് മടങ്ങുന്നതെന്ന് തൊഴിലാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് നാദാപുരത്താണ് തൊഴിലാളികള്‍ക്കെതിരെ ആക്രമണം ഉണ്ടായത്. 

ഇന്നലെ വൈകുന്നേരമാണ് ഇരുന്നൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ നാദാപുരം കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. രാത്രി തിരിച്ച് താമസ സ്ഥലത്തെത്തി ഭക്ഷണം കഴിക്കുമ്പോൾ മുഖം മറച്ച് എത്തിയ പത്തോളം വരുന്ന സംഘം മർദിക്കുകയായിരുന്നു. മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഷഫീഖ് ഉൾ ഇസ്ളാമിന്‍റെ തലയിൽ അഞ്ച് തുന്നലുകളാണ് ഉള്ളത്. ഷജ അബ്ദുളിനും അഷാദുൾ മൊണ്ടലിനും മുതുകത്താണ് തടിക്കഷണം കൊണ്ട് അടി കിട്ടിയത്. 

പ്രകടനത്തിന് പോയതിനെ ചോദ്യം ചെയ്ത് ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. നാട്ടിലേക്ക് തിരികെ പോയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണി ഉണ്ടെന്നും ഇവര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത നാദാപുരം പൊലീസ് അന്വേഷണം തുടങ്ങി. നാദാപുരം ഭാഗത്ത് 300 ലെറെ ഇതര സംസ്ഥാന തൊഴിലാളികളുണ്ട്.