തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാടിനെ പരിഹസിച്ച്, വിമര്‍ശനവുമായി മന്ത്രി എം എം മണി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സോണിയാ ഗാന്ധി ഉൾപ്പെടെ ദേശീയ തലത്തിലും, കേരളത്തിലും കോൺഗ്രസിന്റെ മിക്കവാറും എല്ലാ നേതാക്കൻമാരും അനുകൂലിക്കുകയാണ്. എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ബിജെപിയുടെ വഴിയെ സമരത്തെ തള്ളിപ്പറഞ്ഞു, മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ് അമിത് ഷായാണോ, അതോ സോണിയാ ഗാന്ധിയാണോയെന്ന് എംഎം മണി ചോദിക്കുന്നു.

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പൗരത്വ ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും സഹകരിച്ച് പ്രതിഷേധത്തിന് ഇറങ്ങിയിട്ടും അതില്‍ നിന്നും വിട്ടുനില്‍ക്കുകയും സഹകരണത്തെ വിമര്‍ശിക്കുകയും ചെയ്ത മുല്ലപ്പള്ളിയുടെ നടപടിയെ മുസ്ലീം ലീഗും രമേശ് ചെന്നിത്തല, വിഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എംഎം മണിയും രൂക്ഷ വിമര്ശനവുമായി രംഗത്തെത്തിയത്.

എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

#പുര_കത്തുമ്പോൾ #മുല്ലപ്പള്ളിയുടെ_വാഴവെട്ട്!

ഇന്ത്യയുടെ മത നിരപേക്ഷത തകർക്കുന്നതിനും വിഭാഗീയത സൃഷ്ടിക്കുന്നതിനും ലക്ഷ്യം വച്ച് ബിജെപിയുടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ കേരളത്തിൽ LDF ഉം UDF ഉം സംയുക്തമായി രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സംഘടിപ്പിച്ച സമരം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയതും കക്ഷിഭേദമെന്യ എല്ലാവരിൽ നിന്നും അംഗീകാരം നേടിയതുമായിരുന്നു. ഡൽഹിയിൽ സി.പി.എം. നേതാവ് സ: സീതാറാം യെച്ചൂരിയും, കോൺഗ്രസ് നേതാവ് ശ്രീമതി സോണിയാ ഗാന്ധിയും ഉൾപ്പെടെ വിവിധ കക്ഷി നേതാക്കളും ഒരുമിച്ച് സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ യോജിച്ചുള്ള സമരത്തെ സോണിയാ ഗാന്ധി ഉൾപ്പെടെ ദേശീയ തലത്തിലും, കേരളത്തിലും കോൺഗ്രസിന്റെ മിക്കവാറും എല്ലാ നേതാക്കൻമാരും അനുകൂലിക്കുകയാണ്. സ്വാഭാവികമായും
ബി ജെപി നേതാക്കൾ എതിർക്കുയും ചെയ്യുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ബിജെപി യുടെ വഴിയേ ഇത്തരം സമരത്തെ എതിർക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. ശബരിമല വിഷയത്തിൽ ഇതേ മുല്ലപ്പള്ളി തന്നെയാണ് RSS മായി കൈകോർത്ത് സമരം ചെയ്യാൻ അണികളോട് ആഹ്വാനം ചെയ്തതെന്ന കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

ഇതെല്ലാം കാണുന്ന ജനങ്ങൾ
ചോദിക്കുന്നുണ്ട്; മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതാവ്
അമിത് ഷായാണോ
സോണിയാ ഗാന്ധിയാണോ ?