ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും.
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ മീറ്ററിന് ഒരു രൂപ കൂട്ടും. നിരക്ക് വർധന സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി.
ഓട്ടോ മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 ആക്കും. ടാക്സി മിനിമം ചാർജ്ജ് ഇരുന്നൂറാക്കും. മെയ് ഒന്ന് മുതൽ നിരക്ക് വർദ്ധന നിലവിൽ വരും. വിദ്യാർത്ഥികളുടെ നിരക്ക് പരിഷ്ക്കരിക്കുന്നത് പഠിക്കാൻ കമ്മീഷനെ വെക്കും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ പ്രകാരം മാർച്ച് 30 ന് ചേർന്ന എൽഡിഎഫ് യോഗം നിരക്ക് വർദ്ധനക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. വിഷു, ഈസ്റ്റർ അടക്കമുള്ള ആഘോഷങ്ങൾ കഴിയാൻ കാത്തിരിക്കുകയായിരുന്നു സർക്കാർ.
നാലു വർഷത്തെ ഇടവേളക്ക് ശേഷമാണ് മിനിമം ബസ് ചാർജ്ജ് കൂട്ടുന്നത്. വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടാൻ തത്വത്തിൽ നേരത്തെ എൽഡിഎഫ് തീരുമാനിച്ചതാണ്. അതേ സമയം പുതിയ വർദ്ധന അപര്യാപ്തമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം. വിദ്യാർത്ഥി നിരക്ക് കൂട്ടാത്തതിലും സംഘടനക്ക് പ്രതിഷേധമുണ്ട്..

Read Also: മത്സ്യത്തൊഴിലാളികള്‍ ഡീസലിലേക്ക് മാറാന്‍ തയ്യാറാവണമെന്ന് കേന്ദ്രം, ചര്‍ച്ച ചെയ്യേണ്ട വിഷയമെന്ന് മന്ത്രി
മണ്ണെണ്ണയേക്കാൾ വിലക്കുറവുള്ള ഡീസൽ കൊണ്ട് പ്രവർത്തിക്കുന്ന എഞ്ചിനിലേക്ക് മാറാന്‍ മത്സ്യത്തൊഴിലാളികൾ തയ്യാറാവണം എന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടെന്നും ഇത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും മന്ത്രി ജി ആര്‍ അനില്‍ (GR Anil Kumar). വില കൂടുന്നതനുസരിച്ച് മണ്ണെണ്ണയുടെ സബ്സിഡി ഉയര്‍ത്തുക എന്നത് സംസ്ഥാന സര്‍ക്കാരിന് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ണെണ്ണയുടെ അമിതവില മൂലം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മണ്ണെണ്ണ വിലയുടെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിനും അപ്പുറത്താണ് കാര്യങ്ങളെന്ന് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കുന്നു. സബ്സിഡി ഉയര്‍ത്തുന്നതിനും പരിമിതകളുണ്ടെന്ന് മന്ത്രി തുറന്ന് പറയുന്നു. സംസ്ഥാന സര്‍ക്കാരും കൈയൊഴിയുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം മത്രമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നിലുള്ളത്.
