Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ രണ്ടാം ഘട്ടം: ഇളവുകൾ ചർച്ച ചെയ്യാൻ മന്ത്രിസഭാ യോഗം ഇന്നു ചേരും

ഇതുവരെ 375 കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. അതിൽ 179 പേരും ഇതിനോടകം രോഗമുക്തി നേടി കഴിഞ്ഞു.

Cabinet will discuss about easing lock down norms in safe zones
Author
Thiruvananthapuram, First Published Apr 13, 2020, 6:32 AM IST

തിരുവനന്തപുരം: കൊവിഡിൽ നിലവിലെ സ്ഥിതി ഗതികളും ലോക്ക് ഡൗണിലെ ഇളവുകളെ കുറിച്ചും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ രോഗം നിയന്ത്രണ വിധേയാണെന്നാണ് വിലയിരുത്തൽ. 

എന്നാലും ഇളവുകൾ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളിലാകും ഇളവുകള്‍. കൂടുതൽ സർക്കാർ ഓഫീസുകൾ തുറന്നേക്കും. സ്വകാര്യ വാഹനങ്ങൾക്ക് കർ‍ശന നിയന്ത്രണങ്ങളോടെ അനുമതി നൽകിയേക്കും. പുറത്തിറങ്ങുന്നവർക്ക് മാസ്ക്ക് നിർബന്ധമാക്കും. കേന്ദ്രത്തിൻറെ തീരുമാനം കൂടി പരിഗണിച്ചാകും സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക.

അതേസമയം ലോക്ക് ഡൗണിൽ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ ഇന്നു നിലവിൽ വരും. ഒപ്റ്റിക്കൽസ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി റിപ്പയറിംഗ് എന്നീ കടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകീട്ട് അ‌ഞ്ച് വരെയാണ് പ്രവർത്തന സമയം. നാളെ ബുക്ക് ഷോപ്പുകൾ തുറക്കും. ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ ഇന്ന് സർക്കാർ തീരുമാനമെടുത്തേക്കും

ഇന്നലെ ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്തു വിട്ട കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് പുതുതായി രണ്ട് കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച് ഇരുപതിന് ശേഷം ഏറ്റവും കുറച്ച് പൊസിറ്റീവ് കേസുകൾ വന്ന ദിവസമായിരുന്നു ഇന്നലെ. 36 പേർ ഇന്നലെ രോഗമുക്തരാക്കുകയും ചെയ്തു.

ഇതുവരെ 375 കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. അതിൽ 179 പേരും ഇതിനോടകം രോഗമുക്തി നേടി കഴിഞ്ഞു. ഇനി 194 പേർ മാത്രമാണ് ചികിത്സയിലുള്ളത്. കോട്ടയം,ഇടുക്കി ജില്ലകളിൽ നിലവിൽ കൊവിഡ് രോഗികളില്ല.  തിരുവനന്തപുരം, ആലപ്പുഴ, വയനാട്, പാലക്കാട് ജില്ലകളിൽ അഞ്ചിൽ താഴെ കൊവിഡ് രോഗികൾ മാത്രമേയുള്ളൂ.

 

Follow Us:
Download App:
  • android
  • ios