പിഎംഎവൈ പദ്ധതി പ്രകാരം ലഭിച്ച വീടിന് പഞ്ചായത്ത് പെർമിറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

ഇടുക്കി; ക്യാൻസർ രോഗിയായ വീട്ടമ്മയുടെ നിരാഹാര സമരം മൂന്നാം ദിവസവും തുടരുന്നു. ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിന് മുൻപിലാണ് സമരം. പിഎംഎവൈ പദ്ധതി പ്രകാരം ലഭിച്ച വീടിന് പഞ്ചായത്ത് പെർമിറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കാഞ്ചിയാർ കോഴിമല സ്വദേശി ഓമനയാണ് നിരാഹാര സമരം നടത്തുന്നത്. പെർമിറ്റ്‌ കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഓമന പറഞ്ഞു. എന്നാൽ വനം വകുപ്പിന്റെ എൻഒസി ഇല്ലാത്തതിനാൽ ആണ് പെർമിറ്റ്‌ നൽകാത്തതെന്ന് പഞ്ചായത്ത്‌ വ്യക്തമാക്കുന്നു. പ്രശ്നം പരിഹരിക്കാൻ സർക്കാർ തീരുമാനം ഉണ്ടാകണം എന്നാണ് പഞ്ചായത്തിന്‍റെ പ്രതികരണം.

"അധികൃതർ ആരും അന്വേഷിച്ചിട്ട് പോലുമില്ല. എന്‍റെ ആരോഗ്യ നില മോശമാവുകയാണ്. ഞാനിവിടെ രാപ്പകൽ സമരത്തിലാണ്. മരിച്ചാലും ഞാനിവിടെ നിന്ന് പോകില്ല. മരിച്ചു വീഴും വരെ സമരം ചെയ്യും. മൂന്ന് സെന്‍റ് സ്ഥലത്തിന്‍റ കൈവശ രേഖയാണ് ഞാൻ ആവശ്യപ്പെടുന്നത്"- ഓമന പറഞ്ഞു.

ഓമന താമസിക്കുന്ന സ്ഥലം ബിടിആറിൽ തേക്ക് പ്ലാന്‍റേഷൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ആദിവാസി സെറ്റിൽമെന്‍റിൽപെട്ട സ്ഥലം ആയതിനാൽ അവിടെ ജനറൽ വിഭാഗങ്ങള്‍ക്ക് വീട് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോഴിമല രാജാവ് പരാതി നൽകിയിരുന്നു. ഈ കാരണങ്ങള്‍ കൊണ്ടാണ് പെര്‍മിറ്റ് അനുവദിക്കാത്തത് എന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. ഒന്നര വര്‍ഷമായി അധികൃതരെ സമീപിക്കുന്നുണ്ടെന്ന് ഓമന പറയുന്നു. വീട് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നും ഇവിടെ മരിച്ച് വീഴട്ടെ എന്നുമാണ് ഓമനയുടെ നിലപാട്. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളിലായി ഇത്തരത്തിലൊരു ഭൂപ്രശ്നം കോഴിമല ഭാഗത്ത് നിലനിൽക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

YouTube video player