പത്തനംതിട്ട: പലപ്പോഴും സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങളാണ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് വൈകാൻ കാരണം. പക്ഷെ ദിവസങ്ങൾക്ക് മുന്പ് പ്രഖ്യാപനം നടത്തിയിട്ടും പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലെ ഒരു സ്ഥാനാർത്ഥിക്ക് പത്രിക സമർപ്പിക്കണമെങ്കിൽ അവസാന ദിവസം വരെ കാത്തിരിക്കണം. 

അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാ‍ർഡ് സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം ആയിട്ടില്ല ! 21 തികയാത്ത സ്ഥാനാർത്ഥിയോ എന്ന് അമ്പരക്കേണ്ട. പത്രിക സമർപ്പിക്കണ്ട അവസാന ദിവസമായ നവംബർ 19 ന് രേഷ്മ യോഗ്യതയുള്ള സ്ഥാനാർത്ഥിയാകും. നവംബർ 18 നാണ് രേഷ്മയ്ക്ക് 21 വയസ് തികയുന്നത്. അങ്ങനെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയുമാകും രേഷ്മ

പ്രായത്തിലെ ദിവസ വ്യത്യാസം ഒന്നും പൊതുപ്രവർത്തനത്തിലില്ല. വർഷങ്ങളായി വിദ്യാത്ഥി യുവജന പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യമാണ്. നിലവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്. വർഷങ്ങളായി കോൺഗ്രസ് കൈയ്യടക്കി വച്ചിരിക്കുന്ന വാർഡ് തിരിച്ചു പിടിക്കാനുള്ള ദൗത്യം കൂടിയാണ് സിപിഎം രേഷ്മയെ ഏൽപ്പിച്ചിരിക്കുന്നത്.