Asianet News MalayalamAsianet News Malayalam

പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ജയിക്കും: ആത്മവിശ്വാസത്തോടെ ജോസ് ടോമും മാണി സി കാപ്പനും

യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും എല്‍ഡിഎഫ് സ്ഥാനാര്‍ഥി  മാണി സി കാപ്പനും രാവിലെ പള്ളികളിലെത്തി കുര്‍ബാനകളില്‍ പങ്കു ചേര്‍ന്നു.  

candidate reaction
Author
Pala, First Published Sep 27, 2019, 8:03 AM IST


കോട്ടയം: പാലാ ഉപതെര‍‍ഞ്ഞെടുപ്പിന്‍റെ ഫലമറിയാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കുമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും. അടിയൊഴുകുകളെ ഭയക്കുമ്പോള്‍ തന്നെ പാലായില്‍ മികച്ച വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ഇടതുവലതു മുന്നണി സ്ഥാനാര്‍ഥികള്‍. 

യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമും എല്‍ഡിഎഫ് സ്ഥാനാര്‍ഥി  മാണി സി കാപ്പനും രാവിലെ പള്ളികളിലെത്തി കുര്‍ബാനകളില്‍ പങ്കു ചേര്‍ന്നു.  10,000 -15,000 ത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കും എന്നാണ്   യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 10,000 വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പാണെന്ന് മാണി സി കാപ്പനും പറയുന്നു. 


ജോസ് ടോം - യുഡിഎഫ് സ്ഥാനാര്‍ഥി

പ്രചാരണത്തിനിടയ്ക്ക് നിര്‍ഭാഗ്യകരമായ ചില കാര്യങ്ങളുണ്ടായി എന്ന സ്വകാര്യദുഖം എനിക്കുണ്ട് അതു മുന്നണിയിലുമുണ്ട്. എങ്കിലും വിജയം ഉറപ്പാണ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. രണ്ടില ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ ദുഖമുണ്ട് എങ്കിലും മികച്ച പ്രചാരണം കാഴ്ച വയ്ക്കാന്‍ സാധിച്ചു. മാണി സാറിനോടുള്ള സ്നേഹം പാലാക്കാര്‍ എന്നോടും കാണിക്കും.

മാണി സി കാപ്പന്‍ - ഇടതു മുന്നണി സ്ഥാനാര്‍ഥി 

മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ മാത്രമേ ഞങ്ങള്‍ക്ക് സംശയമുള്ളൂ ബാക്കി എല്ലാ പഞ്ചായത്തുകളിലും ഞങ്ങള്‍ ലീഡ് ചെയ്യും. പാലാ മുന്‍സിപ്പാലിറ്റിയില്‍ ഞങ്ങള്‍ നന്നായി ലീഡ‍് ചെയ്യും. 58,000 വോട്ട് കഴിഞ്ഞ തവണ എനിക്ക് കിട്ടിയിട്ടുണ്ട്. ഇതില്‍ 3000 വോട്ട് പോയാലും അതിലേറെ വോട്ടുകള്‍ വരാനുണ്ട്. 

വ്യക്തിബന്ധങ്ങളിലൂടെ കിട്ടുന്ന വോട്ടുകള്‍ കൂടാതെ ബിഡിജെഎസ് വോട്ടും ഞങ്ങള്‍ക്ക് ലഭിക്കും. പിജെ ജോസഫ് വിഭാഗത്തിന്‍റെ വോട്ടും പ്രതീക്ഷിക്കുന്നു.  ഞങ്ങള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ മാറിപ്പോവാന്‍ ഒരു സാധ്യതയുമില്ല. മാണി സാറിനോട് മൂന്ന് വട്ടം യുദ്ധം ചെയ്തയാളാണ് ഞാന്‍. മാണി സാറിനോളം ശക്തനല്ല ഇപ്പോഴത്തെ സ്ഥാനാര്‍ഥി. ഇക്കാര്യം മണ്ഡലത്തിലെ യുവാക്കളെ സ്വാധീനിക്കുമെന്ന് ഞാന്‍ കരുതുന്നു. 

എന്‍.ഹരി - എന്‍ഡിഎ സ്ഥാനാര്‍ഥി

പാലായില്‍ ഉറച്ച വിജയപ്രതീക്ഷയാണുള്ളത്. വോട്ടു മറിച്ചെന്ന ആരോപണം തള്ളിക്കളയുന്നു. 

Follow Us:
Download App:
  • android
  • ios