കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ കത്തോലിക്ക സഭയുടെ പിന്തുണയ്ക്കായി മുന്നണികളുടെ മത്സരം. എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ പാലാ, കാഞ്ഞിരപ്പിള്ളി ബിഷപ്പുമാരെ സന്ദർശിച്ചു.

എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ ഇന്നലെ പാല ബിഷപ്പ് ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും സഹായ മെത്രാൻമാരുമായാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് കാഞ്ഞിരപ്പിള്ളിയിലെത്തിയ കാപ്പൻ ബിഷപ്പ് മാത്യു അറയ്ക്കലിനെയും സന്ദർശിച്ചു.

കാപ്പന് തൊട്ടുപിന്നാലെ കാഞ്ഞിരപ്പിള്ളി ബിഷപ്പ് ഹൗസിലെത്തിയത് എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയാണ്. ഉച്ചയോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും പാലാ ബിഷപ്പ് ഹൗസിലെത്തി പിന്തുണ തേടി. പാലായിലെത്തിയ ശ്രീധരൻ പിള്ള തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തി.

യുഡിഎഫ് സ്ഥാനാ‍ർത്ഥി ജോസ് ടോം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാല ബിഷപ്പ് ഹൗസിലെത്തി പിന്തുണ തേടിയിരുന്നു. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ പാലായിൽ സഭയുടെ പിന്തുണ ഉറപ്പിച്ച് ജയമുറപ്പിക്കാനാണ് മുന്നണികളുടെ നെട്ടോട്ടം. വിവാഹ ചടങ്ങുകളിൽ പങ്കെടുത്തും വ്യക്തികളെ കണ്ട് വോട്ട് ചോദിച്ചുമായിരുന്നു മൂന്ന് സ്ഥാനാർത്ഥികളുടെയും പ്രചാരണം. മുൻ സ്വാതന്ത്ര്യ സമരസേനാനി കെ എം ചാണ്ടി അനുസ്മരണ ചടങ്ങിലും സ്ഥാനാർത്ഥികളെത്തി സാന്നിധ്യം അറിയിച്ചു. വരുംദിവസങ്ങളിൽ വീടുവീടാന്തരമുള്ള പ്രചാരണം മുന്നണികൾ ഊർജിതമാക്കും.