അരൂര്‍: സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞതോടെ പ്രചരണ രംഗത്ത് മുന്നിലെത്താനുള്ള പരിശ്രമത്തിലാണ് മുന്നണികൾ. അരൂരില്‍ പ്രചാരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ സജീവമാണ്. എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കൽ ഇന്ന് തിരുവനന്തപുരത്തെത്തി വി എസ് അച്യുതാനന്ദന്‍റെ അനുഗ്രഹം തേടും. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ബിജെപി സ്ഥാനാർത്ഥി പ്രകാശ് ബാബു ഇന്ന് മണ്ഡലത്തിലെത്തും. 

വെള്ളാപ്പള്ളി നടേശന്‍റെ പരസ്യ എതിർപ്പിനെ മറികടക്കാൻ ആദ്യ ദിനം തന്നെ മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറപ്പിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ. എ ഗ്രൂപ്പ് അവസാന നിമിഷം വരെ അവകാശ വാദം ഉന്നയിച്ച സീറ്റിൽ ഒരു വിഭാഗത്തിന്‍റെ എതിർപ്പ് പ്രതീക്ഷിച്ചെങ്കിലും യുഡിഎഫ് നേതൃയോഗത്തിൽ എതിർസ്വരങ്ങൾ ഉയരാത്തത് ഷാനിമോളുടെ ആത്മ വിശ്വാസം കൂട്ടുന്നു. 

കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ശേഷം പ്രചരണം തുടങ്ങിയ എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കൽ പാർട്ടിയിലെയും മുന്നണിയിലേയും മുതിർന്ന നേതാക്കളെ കാണുന്ന തിരക്കിലാണ്. ഇന്ന് തിരുവനന്തപുരത്തെത്തി മനു സി പുളിക്കൽ വി എസ് അച്യുതാനന്ദന്‍റെയും അനുഗ്രഹം തേടും. ബിഡിജെഎസ് പിൻമാറിയതിനെ തുടർന്ന് ബിജെപി ഏറ്റെടുത്ത സീറ്റിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബു സീറ്റ് ഉറപ്പിച്ചു. ഇന്ന് മണ്ഡലത്തിലെത്തുന്ന പ്രകാശ് ബാബു പ്രചാരണ പരിപാടികൾക്കും തുടക്കം കുറിക്കും.