കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണയ്ക്കിടെ നടിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച പ്രതിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. അഞ്ചാം പ്രതി സലീമിനെതിരെ കേസ് എടുക്കാനാണ് പ്രത്യേക കോടതി, നോര്‍ത്ത് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. പ്രോസിക്യൂട്ടറുടെ പരാതിയിലാണ് നടപടി. സലീമിന്‍റെ പക്കല്‍ നിന്ന് കോടതി മുറിക്കുള്ളിലെ ദൃശ്യങ്ങളാണ് കണ്ടെടുത്തത്. 

നടിയും ദിലീപടക്കമുള്ള പ്രതികൾ കോടതി മുറിയിൽ നിൽക്കുന്ന ദൃശ്യങ്ങളും ഒന്നാം സാക്ഷിയായ നടി  കോടതിയിലെത്തിയ വാഹനത്തിന്‍റെ ചിത്രങ്ങളും പ്രതിയുടെ ഫോണിലുണ്ട്. പ്രതി ഫോണിൽ ചിത്രങ്ങളെടുക്കുന്നത് പൊലീസിനെ പ്രോസിക്യൂഷന്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. കേസിൽ രഹസ്യവിചാരണയാണ് നടക്കുന്നത്. കർശന നിയന്ത്രണമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

Read More:നടിയെ ആക്രമിച്ച കേസ്: വിചാരണക്കിടെ പ്രതി കോടതി മുറിയിലെ ദൃശ്യങ്ങൾ പകർത്തി, ഫോൺ പിടിച്ചെടുത്തു...

Read more:നടിയെ ആക്രമിച്ച് കേസ്: ദൃശ്യങ്ങൾ കോടതി ഇന്ന് പരിശോധിക്കും; ദിലീപ് ഹാജരായേക്കും...