കുളത്തൂര്‍: വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച് മണ്ണ് കടത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഎം കുളത്തൂർ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാറിനെതിരെയാണ് കേസ്. സംഭവം ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് കേസെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പാസില്ലാതെ എംസാന്റ് കടത്തിയ ടിപ്പർ തുമ്പ സ്റ്റേഷനു മുന്നിൽ വച്ച് പൊലീസ് പിടികൂടിയത്. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും അനിൽകുമാർ അവ ഹാജരാക്കിയില്ല. മോട്ടോർ വാഹന വകുപ്പിന്റെ സൈറ്റിൽ തെരഞ്ഞപ്പോഴാണ് വ്യാജ നമ്പരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

പ്രശാന്ത് നഗർ സ്വദേശിയായ ഹരിശങ്കറിന്റെ ബുള്ളറ്റിന്റെ നമ്പര്‍ ആയിരുന്നു ടിപ്പറിൽ ഉപയോഗിച്ചിരുന്നത്. ഉന്നതങ്ങളിൽ പിടിപാടുള്ള ബ്രാഞ്ച് സെക്രട്ടറി സംഭവം ഒതുക്കി തീർക്കാർ ശ്രമിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സംഭവം വിവാദമായതോടെയാണ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെ തുമ്പ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തത്. സ്റ്റേഷൻ വളപ്പിലുണ്ടായിരുന്ന ടിപ്പർ ലോറി അവിടെ നിന്ന് കടത്താനും ശ്രമമുണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കൊറോണ വൈറസ് ദ്രുതഗതിയില്‍ പടരുന്നു; മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്‍റ്