K Rail :  കുഞ്ഞിനെ മനപ്പൂർവ്വം സമരരംഗത്തേക്ക് എത്തിച്ചതല്ല. പൊലീസ് തന്നെ വലിച്ചിഴച്ചപ്പോള്‍ കുഞ്ഞ് ഓടിയെത്തിയതാണെന്നായിരുന്നു ജിജി വിശദീകരിച്ചത്.

കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയിലെ (Madapalli) കെ റെയിൽ (K Rail) സമരത്തിനിടെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത ജിജി ഫിലിപ്പിനെതിരെ കേസ്. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ബാലാവകാശ നിയമപ്രകാരമാണ് തൃക്കൊടിത്താനം പൊലീസ് കേസെടുത്തത്. എട്ടുവയസുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്. മാടപ്പള്ളിയിലെ അതിരടയാള കല്ല് പിഴുതതിനും കേസ് എടുത്തു. രാത്രിയിൽ ആറ് കല്ല് എടുത്ത് മാറ്റിയതിനാണ് കേസെടുത്തത്. പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്‍റിന് എതിരെയും ഉടൻ കേസെടുക്കും. സമരത്തിൽ പങ്കെടുത്ത കൂടുതൽ പേർക്കെതിരെ പൊലീസ് നടപടി വരാനാണ് സാധ്യത. കുഞ്ഞുങ്ങളെ സമരത്തിന് വേണ്ടി കവചങ്ങളാക്കിയിട്ടില്ലെന്ന് ന്യൂസ് അവറില്‍ പങ്കെടുത്ത് സംസാരിക്കവേ ജിജി നേരത്തെ പറഞ്ഞിരുന്നു. അത്തരം ആരോപണങ്ങൾ തെറ്റാണ്. കുഞ്ഞിനെ മനപ്പൂർവ്വം സമരരംഗത്തേക്ക് എത്തിച്ചതല്ല. പൊലീസ് തന്നെ വലിച്ചിഴച്ചപ്പോള്‍ കുഞ്ഞ് ഓടിയെത്തിയതാണെന്നും ജിജി വിശദീകരിച്ചിരുന്നു.

  • ഒരടി പിന്നോട്ടില്ല; കെ റെയിലിനെതിരെ കടുപ്പിച്ച് യുഡിഎഫ്, പ്രതിഷേധ ജനസദസുകൾക്ക് ഇന്ന് തുടക്കം

ചെങ്ങന്നൂർ: കെ റെയില്‍ (K Rail) കടന്നുപോകുന്ന വില്ലേജുകളില്‍ യുഡിഎഫ് (UDF) നടത്തുന്ന പ്രതിഷേധ ജനസദസുകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് മൂന്നിന് ചെങ്ങന്നൂർ മുളക്കുഴയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിക്കും. നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലികുട്ടി, പി.ജെ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.

കെ റെയിൽ വിരുദ്ധസമരം യുഡിഎഫ് ഏറ്റെടുക്കുന്നതായി ഇന്നലെ പ്രതിപക്ഷനേതാവ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ശക്തമായ പ്രതിഷേധം നടന്ന കോട്ടയം മാടപ്പള്ളിയിൽ, നേതാക്കളെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഉദ്യോ​ഗസ്ഥര്‍ക്ക് പറ്റില്ല.

അതിനെ പൊലീസ് ഉദ്യോ​ഗസ്ഥരെക്കൊണ്ട് അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളം മുഴുവന്‍ ഇതുപോലുള്ള സമരം ആവര്‍ത്തിക്കാന്‍ പോവുകയാണ്. ബം​ഗാളിലെ നന്ദി​ഗ്രാമില്‍ നടന്ന സമരത്തിന്‍റെ തനിയാവര്‍ത്തനമാണ് ഇതെന്ന് ഞങ്ങള്‍ സൂചിപ്പിച്ചതാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. 

വി ഡി സതീശന്‍റെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളുടെ നിരയാണ് മാടപ്പള്ളിയിൽ എത്തിയത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി ജെ ജോസഫ് തുടങ്ങിയ നേതാക്കളെ ആവലാതി അറിയിക്കാൻ വീട്ടമ്മമാർ ഉൾപ്പടെയുള്ളവരെത്തി. മാടപ്പള്ളിയില്‍ ഡിസിസി പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലുപിഴുത് പ്രതിഷേധിച്ചു. ഇന്നലെ വൻ പൊലീസ് സന്നാഹത്തിൽ സ്ഥാപിച്ച അതിരടയാള കല്ലുകളാണ് ഡിസിസി പ്രസിഡന്‍റും കൂട്ടരും പിഴുതെറിഞ്ഞത്. ഇന്നലെ രാത്രി തന്നെ മൂന്നു കല്ലുകൾ നാട്ടുകാർ എടുത്തു മാറ്റിയിരുന്നു.

സില്‍വര്‍ ലൈന്‍ സമരത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചിരുന്നു. സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ ചങ്ങനാശ്ശേരിയില്‍ പ്രതിഷേധിച്ച സ്ത്രികളേയും കുട്ടികളേയും റോ‍ഡിലൂടെ വലിച്ചിഴച്ച പൊലീസ് നടപടിക്കെതിരെ ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം രംഗത്തെത്തി. മുദ്രാവാക്യം വിളികളും പോസ്റ്ററുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന സ്പീക്കറുടെ അഭ്യര്‍ത്ഥന പ്രതിപക്ഷം തള്ളി. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നതുവരെ യുഡിഎഫ്, സമരം ശക്തമായി തുടരുമെന്ന് വി ഡി സതീശന്‍ അറിയിച്ചു.